വിദ്യാരംഭം കുറിച്ച് കുരുന്നുകൾ

വിജയദശമി ദിനമായ ബുധനാഴ്ച്ച കൊല്ലം ശാരദാ മഠത്തിൽ ആദ്യക്ഷരം എഴുതുന്നതിനിടയിൽ കരഞ്ഞ കുഞ്ഞിന്റെ കൈപിടിച്ചെഴുതാൻ ശ്രമിക്കുന്ന ഗുരുനാഥയും രക്ഷാകർത്താക്കളും
കൊല്ലം
ജില്ലയിൽ വിജയദശമി ദിനത്തിൽ ജില്ലയിൽ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ. അക്ഷരാഭ്യാസത്തിന് തുടക്കമിട്ട ആഘോഷങ്ങളുടെ നിറവിൽ നാട്ടിലെ ക്ഷേത്രങ്ങളും ഗ്രന്ഥശാലകളും. കുട്ടികൾ ആദ്യക്ഷരം കുറിച്ചതിന് പുറമെ മഹാനവമി ദിനത്തിൽ പൂജവച്ച പഠനോപകരണങ്ങളും തൊഴിലുപകരണങ്ങളും തിരിച്ചെടുത്ത് വിദ്യാർഥികളും വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരും വിജയദശമിയുടെ ഭാഗമായി. അറിവും സംഗീതവും കലയും ആഘോഷങ്ങളിൽ നിറഞ്ഞു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു. ആദ്യക്ഷരം കുറിച്ചതിനൊപ്പം സംഗീതം, നൃത്തം ഉൾപ്പെടെ കലകൾ അഭ്യസിക്കുന്നതിനും ക്ഷേത്രങ്ങളിൽ തിരക്കായിരുന്നു. വിവിധ സ്ഥലങ്ങളിൽ നവരാത്രിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു. സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് എൽ സജികുമാറും നീരവാവിൽ നവോദയം ഗ്രന്ഥശാലയിൽ ഡോ. കെ ജയരാജും കുട്ടികളെ എഴുത്തിനിരുത്തി. മങ്ങാട് ശങ്കരനാരായണമൂർത്തി ക്ഷേത്രം, കൊട്ടാരക്കുളം ഗണപതിക്ഷേത്രം, ഭരണിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു.









0 comments