ad
Deshabhimani

തെന്മല ഇക്കോ ടൂറിസത്തിന് വൻ നഷ്ടം

ഷോയില്ലാതെ ലൈറ്റ്‌ ആൻഡ്‌ സ‍ൗണ്ട്‌

ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയിരുന്ന ആംഫി തിയറ്റർ
avatar
രാജേഷ് ജാൻവി

Published on Jul 01, 2026, 12:50 AM | 1 min read



പുനലൂർ

മൂന്നുകോടി ചെലവഴിച്ച് തെന്മല ഇക്കോടൂറിസം കേന്ദ്രത്തിൽ സ്ഥാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിർത്തിയിട്ട്‌ ഒരു വർഷം. നിസ്സാര തകരാറുകൾ പരിഹരിച്ച് ഷോ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്കു കാരണം. ഇതോടെ ഇക്കോടൂറിസം കേന്ദ്രത്തിനുണ്ടായത്‌ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ്‌. ഓണത്തിനും ക്രിസ്‌മസിനും വേനലവധിക്കും ധാരാളം വിനോദസഞ്ചാരികൾ തെന്മലയിൽ എത്തിയിരുന്നു. ഇവരെ കൂടുതലായും ആകർഷിച്ചിരുന്നത്‌ ലൈറ്റ് ആൻഡ് സൗണ്ട് ഷോയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നിർത്തിയ ഷോ പിന്നീട്‌ പുനരാരംഭിച്ചില്ല. ​മോഷണപരാതി മറ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രവർത്തിക്കുന്ന സ്ഥലത്ത് സെപ്തംബർ പകുതിയോടെ മോഷണം നടന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. കംപ്യൂട്ടർ, സൗണ്ട് ഡിവൈസ് എന്നിവ മോഷണം പോയെന്നും 1.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി. തുടർന്ന് വിരലടയാള വിദഗ്ധർ പരിശോധനകൾ നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല. സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ല. മോഷണം നടന്നതായി പരാതിപ്പെട്ടിട്ട് ഒമ്പതുമാസം കഴിഞ്ഞിട്ടും കാമറകൾ സ്ഥാപിക്കാനുള്ള നടപടിയും അധികൃതർ കൈക്കൊണ്ടിട്ടില്ല. ഷോ പുനരാരംഭിക്കാത്തതിലെ സർക്കാരിന്റെയോ ടൂറിസം വകുപ്പിന്റെയോ നടപടി ഒഴിവാക്കാൻ ഉദ്യോഗസ്ഥർ മോഷണപരാതി മറയാക്കുകയാണെന്നാണ് നാട്ടുകാരുടെ സംശയം. പ്രതികളെ പിടികൂടാനോ മോഷണമുതൽ കണ്ടെടുക്കാനോ പൊലീസിന് കഴിയാത്തതും കേസ് സംബന്ധിച്ച് തുടരന്വഷണമില്ലാത്തതും ഇതൊരു വ്യാജ പരാതിയാണോ എന്ന സംശയത്തിന് വഴിവയ്ക്കുന്നു. ​അധികൃതരുടെ അനാസ്ഥ 2023ൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ കരാർ നൽകിയിരുന്ന കമ്പനിയുമായുള്ള ധാരണ അവസാനിച്ചശേഷം തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി (ടെപ്സ്) നേരിട്ടാണ് പരിപാടി നടത്തിയിരുന്നത്‌. മ്യൂസിക്കൽ ഫൗണ്ടൻ ഷോ കഴിഞ്ഞായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ. ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇല്ലാത്തതിനാൽ സഞ്ചാരികളും നിരാശയിലാണ്‌. തകരാർ പരിഹരിക്കാൻ ഇക്കോ ടൂറിസം അധികൃതരോ ടെപ്സ് ഡയറക്ടർ ബോർഡോ ടൂറിസം വകുപ്പോ നടപടിയെടുക്കുന്നില്ല. കോടികൾ ചെലവിട്ട ഒരു സർക്കാർ പദ്ധതിയാണ്‌ നശിച്ചുപോകുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home