അപകടം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ
ബസ് ട്രെയിലറിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, തീപിടിച്ചു; രണ്ട് മരണം

ജയ്പൂർ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അപകടം. ട്രെയിലറിൽ ഇടിച്ച് ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ പുലർച്ചെ 2നും 3നും ഇടയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഹരിദ്വാറിൽ നിന്ന് ഇൻഡോറിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ട്രെയിലറിൽ ഇടിച്ചതിനെ തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ ബസിന്റെ പിൻഭാഗത്തും തീപിടുത്തമുണ്ടായി. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. ശക്തമായ കൂട്ടിയിടി നടന്നതോടെ ബസിലെ മുകളിലെ ബെർത്തിലുണ്ടായിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ് സർവീസുകൾ, രക്ഷാപ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ പരിക്കേറ്റ യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്ത് ദൗസയിലെ ആശുപത്രിയിലേക്ക് മാറ്റി. തീ പടരുന്നതിന് മുമ്പ് ചില യാത്രക്കാർ സ്വയം ബസിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചില യാത്രക്കാരെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്തു.
അപകടത്തിൽപ്പെട്ട ബസും ട്രെയിലറും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബസ് നിയന്ത്രണംവിട്ട് ട്രെയിലറിൽ ഇടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിലെ ഗതാഗതത്തിന് തടസം നേരിട്ടിരുന്നു.










0 comments