10 വർഷം -88.96 കോടി നിക്ഷേപം
അയൽക്കൂട്ടം എന്നാൽ ലൈഫ് ഇൻഷുറൻസ്

പി ആർ ദീപ്‌തി
Published on Oct 05, 2025, 12:35 AM | 1 min read
കൊല്ലം
പത്തുവര്‍ഷം കൊണ്ട് ജില്ലയിലെ കുടുബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് -88.96 കോടി രൂപ. ആഴ്ചതോറും അംഗങ്ങൾ നല്‍കുന്ന ചെറുതുകയാണ് വലിയ സമ്പാദ്യമായത്. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനും 1998 മുതല്‍ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സമ്പാദ്യപദ്ധതിയിലാണ് വനിതകൾ കരുത്ത് കാട്ടുന്നത്. ആഴ്ച സമ്പാദ്യത്തിലൂടെ ഏഷ്യയില്‍ത്തന്നെ കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മ എന്ന ഖ്യാതിയെ കൂടുതൽ അരക്കിട്ട് ഉറപ്പിക്കുകയാണ് കുടുംബശ്രീ. 1420 വാർഡിലായി 24,823 അയല്‍ക്കൂട്ടമുണ്ട്. 74 സിഡിഎസുമുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമായിരുന്നു ആഴ്ചതോറും നിക്ഷേപിച്ചത്. നിലവിൽ ശരാശരി 20 മുതൽ 100 രൂപ വരെയാണ് ഭൂരിഭാഗം പേരും നിക്ഷേപിക്കുന്നത്. സാമ്പത്തികശേഷിക്കനുസരിച്ച് നിക്ഷേപത്തുക നിശ്ചയിക്കുന്നവരുമുണ്ട്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബാങ്ക് നിക്ഷേപമാക്കും. ഭാരിച്ച നടപടിക്രമങ്ങളില്ലാതെ അംഗങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വായ്പയെടുക്കാനും സൗകര്യമുണ്ട്. ഇത്തരത്തിൽ ഇവർക്ക് 2,92,295 ലക്ഷം രൂപ വായ്‌പയായി ബാങ്കുകൾ നൽകിയിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടെ അയല്‍ക്കൂട്ടങ്ങള്‍ ആഭ്യന്തരവായ്പയായി വിതരണംചെയ്തത് -31,421ലക്ഷം രൂപയാണ്. സ്വന്തം നിക്ഷേപത്തേക്കാള്‍ കൂടുതല്‍ വായ്പയെടുക്കാന്‍ മറ്റ്‌അംഗങ്ങളുടെ സമ്മതം മതി. പരസ്പര ജാമ്യത്തിലും വായ്പയെടുക്കാം. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപറേഷനും സംസ്ഥാന ഇൻഷുറൻസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഒരുമ ജീവൻ ദീപം ഇൻഷുറൻസ് പദ്ധതിയും തുണയാകുന്നു. ലിങ്കേജ് വായ്പയെടുത്ത അയൽക്കൂട്ടം അംഗങ്ങളിൽ ഒരാൾ മരിച്ചാൽ ആ വ്യക്തിയുടെ വായ്പാബാധ്യത മറ്റ് അംഗങ്ങൾക്ക് ഏറ്റെടുക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇൻഷുറൻസ് പരിരക്ഷ വന്നതോടെ ഇൻഷുറൻസ് തുകയിൽനിന്നു മരിച്ച അംഗത്തിന്റെ വായ്‌പത്തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാണ് പ്രതിസന്ധി മറികടക്കുന്നത്. ബാക്കി തുക അവകാശിക്കും ലഭിക്കും.









0 comments