ad
Deshabhimani

ലഹരിവേട്ടയ്ക്ക്‌ കൈകോർത്ത്‌ പൊലീസും എക്‌സൈസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 17, 2025, 01:52 AM | 2 min read

കൊല്ലം

യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട്‌ വട്ടംകറങ്ങുന്ന മയക്കുമരുന്ന്‌ ലഹരിമാഫിയയെ പിടികൂടാൻ ജില്ലയിൽ പൊലീസും എക്‌സൈസും പിന്നാലെ. എക്‌സൈസ്‌ സ്‌ക്വാഡും പൊലീസ്‌ ഡാൻസാഫും ലോക്കൽ പൊലീസും കൈകോർത്തുള്ള ലഹരിവേട്ടയ്ക്ക്‌ ഞായറാഴ്‌ച തുടക്കമായി. അതിഥിത്തൊഴിലാളികൾ താമസിക്കുന്നയിടം അവർ ഒഴിവുസമയങ്ങളിൽ കേന്ദ്രീകരിക്കുന്നയിടങ്ങൾ, സ്‌കൂൾ കോളേജ്‌ പരിസരം, ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രം, കടവ്, പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടക്കും. ലഹരി കൈവശം വയ്‌ക്കുകയും വിപണനം നടത്തുകയും ചെയ്യുന്നവരെ കുടുക്കാൻ കൂടുതൽ ശക്തമായ നിയമം വേണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്‌. ഓപ്പറേഷൻ ഡീ ഹണ്ട്‌ ലഹരി കടത്തും വിപണനവും തടയാൻ പൊലീസിന്റെ ‘ഓപ്പറേഷൻ ഡീ ഹണ്ട്‌’ തുടരുന്നു. എംഡിഎംഎ, കഞ്ചാവ്‌ തുടങ്ങിയ ലഹരിയുടെ ഉപയോഗം ജില്ലയിൽ കൂടുതലാണെന്നും വലിയ അളവിൽ ലഹരി കൈവശം വച്ചതിനും വിപണനം നടത്തിയതിനും കഴിഞ്ഞ ഒരുവർഷം കൊണ്ടുള്ള കേസുകളേക്കാൾ കൂടുതലാണ്‌ ഇപ്പോൾ രണ്ടുമൂന്നു മാസങ്ങൾകൊണ്ട്‌ പൊലീസ്‌ രജിസ്റ്റർ ചെയ്തതെന്ന്‌ കൊല്ലം എസിപി എസ്‌ ഷെരീഫ്‌ പറഞ്ഞു. ലഹരിയുടെ വലയത്തിൽ ഏജന്റുമാരും കച്ചവടക്കാരും മാത്രമല്ല, വിദ്യാർഥികളും സ്ത്രീകളുമുണ്ട്‌. ഇതിനെതിരായ നടപടിക്ക്‌ പൊലീസ്‌ സമൂഹത്തിന്റെ പിന്തുണ അഭ്യർഥിക്കുന്നു. ജനങ്ങൾക്ക്‌ ലഭിക്കുന്ന വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാൻ ‘യോദ്ധാവ്‌’ എന്ന പേരിൽ ആപ് നിലവിലുണ്ട്‌. 9995966666 എന്ന വാട്‌സാപ്പിൽ ഫോട്ടോ, വീഡിയോ, വോയ്‌സ്‌ മെസേജ്‌ എന്നിവ അയക്കാം. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്‌ ലഹരിക്കെതിരെ ഒറ്റയ്‌ക്ക്‌ എക്‌സൈസും സജീവം. ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്‌’ എന്ന്‌ പേരിട്ട ലഹരിവേട്ട രണ്ടാഴ്ച നീളും. ഇതിനായി ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ എം നൗഷാദിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമും രംഗത്തുണ്ട്‌. ജില്ലയിലെ എക്‌സൈസ്‌ ഓഫീസർമാരെ കോർത്തിണക്കിയാണ്‌ ടീം പ്രവർത്തിച്ചുവരുന്നത്‌. ഇതരസംസ്ഥാനക്കാരാണ്‌ പ്രധാനമായും എംഡിഎംഎയും കഞ്ചാവും കേരളത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ഇവരിൽ പലരും ഇവിടെ തൊഴിൽ കണ്ടെത്തിയവരാണ്‌. ഇതര സംസ്ഥാനത്തുനിന്ന് ലഹരി വന്നിറങ്ങുന്നത്‌ പ്രധാന റെയിൽവേ സ്റ്റേഷനുകളിലല്ല. എക്‌സ്‌പ്രസ്‌ ട്രെയിനുകൾക്ക്‌ സ്റ്റോപ്പുള്ള ഇടത്തരം സ്റ്റേഷനുകളിൽ എത്തിച്ച ശേഷം അവർ സ്ഥലംവിടുന്നതാണ്‌ പതിവെന്ന്‌ കൊല്ലം അസിസ്റ്റന്റ്‌ എക്‌സൈസ്‌ കമീഷണർ ഇ സി ബൈജു പറഞ്ഞു. സ്‌കൂൾ, കോളേജ്‌ കേന്ദ്രീകരിച്ചു വിപണനവും ഉപയോഗവും കൂടുതലാണ്‌. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ്‌ കച്ചവടം കൂടുതലും. ഇതിനായി ഒന്നോ രണ്ടോ വിദ്യാർഥികളെ ഉപയോഗപ്പെടുത്തും. അവർക്ക്‌ പണം ഈടാക്കാതെ ലഹരി കൊടുക്കുകയും അവരെക്കൊണ്ടുതന്നെ മറ്റുള്ളവർക്ക്‌ വില ഈടാക്കി വിപണനവും നടത്തുന്നതാണ്‌ പതിവ്‌. ജില്ലയിൽ പിടിക്കപ്പെടുന്ന എംഡിഎംഎയുടെ ഉറവിടം കൂടുതലും ബംഗളൂരു, ഹൈദരാബാദ്‌, നൈജീരിയ എന്നിവിടങ്ങളാണെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്‌ഡിന്റെ ഭാഗമായി കൊല്ലത്ത്‌ എക്‌സൈസ്‌ കമീഷണറുടെ ഓഫീസിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്‌. ഫോൺ: 0474–-2745648. ലഹരിക്കായി 
വേദനസംഹാരികളും കഞ്ചാവ്‌, എംഡിഎംഎ, പുതുതായി ചില വേദനസംഹാരികളും വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഇവ അളവിൽ കൂടുതൽ നൽകരുതെന്നാണ്‌ മെഡിക്കൽ ഷോപ്പുകൾക്ക്‌ അധികൃതർ നൽകുന്ന മുന്നറിയിപ്പ്‌. മയക്കുമരുന്ന്‌ വിൽപ്പനക്കാർ പലരെയും ഉപയോഗപ്പെടുത്തി കൂടുതൽ വേദനസംഹാരികൾ വാങ്ങുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home