കടലിന്റെ മക്കളെ ചേർത്തുപിടിച്ചു

അഖിൽ സദാശിവൻ
Published on Apr 07, 2026, 01:26 AM | 2 min read
കൊല്ലം
എൽഡിഎഫ് സർക്കാർ കടലിന്റെ മക്കളെ ചേർത്തുപിടിച്ച 10വർഷമാണ് കടന്നുപോകുന്നത്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാളി മേഖലയെ അന്നമൂട്ടി. 2016ന് മുന്പ് യുഡിഎഫ് കാലത്ത് മീന്‍പിടിത്ത മേഖലായാകെ പ്രതിസന്ധിയിലായിരുന്നു. ഒരു തരത്തിലും മുന്നോട്ട് പോകാനാകാതെയിരിക്കുന്പോഴായിരുന്നു ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്നത്. മന്ത്രിയായി ജെ മേഴ്സിക്കുട്ടി അമ്മയും ചുമതലയേറ്റടുത്തതോടെയാണ് പ്രതിസന്ധി അവസാനിച്ചതെന്ന് മത്സ്യത്തൊഴിലാളിയായ ജസ്റ്റസ് പറഞ്ഞു. യുഡിഎഫ് കാലത്ത് വായ്‌പയ്ക്ക് 14ശതമാനം പലിശ ഏർപ്പെടുത്തിയിരുന്നപ്പോൾ പിണറായി സർക്കാർ പലിശ ഒഴിവാക്കി. മത്സ്യത്തൊഴിലാളികൾക്ക് മീന്‍പിടിത്തം നടത്തുന്നതിനുള്ള പലശരഹിത വായ്പകൾ അനുവദിച്ചു. 36മാസം കൊണ്ട് മുതൽ മാത്രം തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥ വന്നതോടെ തൊഴിലാളികൾ പതിയെ കരകയറി. സർക്കാർ വല ഉൾപ്പെടെ സബ്സിഡി ഇനത്തിൽ നൽകി. ബോട്ടുടമ 7500രൂപ അടച്ചാൽ 30,000രൂപ വിലയുള്ള വലകളാണ് നൽകിയത്. കോവിഡ് കാലത്തിനുശേഷം വാടിയിലെ മത്സ്യലേലത്തിനു മാറ്റം കൊണ്ട് വന്നതോടു കൂടി സാമ്പത്തികമായും ഏറെ മെച്ചപ്പെട്ടു. മീൻ തൂക്കം നോക്കാതെ വിൽപ്പന നടത്തിയിരുന്നിടത്ത് നിന്ന് മത്സ്യം തൂക്കി ലേലവിൽപ്പന നടത്തുന്ന രീതിയിലേക്ക് മാറി. ഇതോടെ മത്സ്യത്തൊഴിലാളികൾക്കും അതിന്റേതായ ഗുണം ലഭിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പും സ്‌കോളർഷിപ്പും ഉൾപ്പെടെ നൽകി. മീന്‍പിടിത്തം നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടുപോകുന്നവർക്ക് കോസ്റ്റ്ഗാർഡിലും മറ്റും വിവരം അറിയിക്കുന്നതിനായി സബ്സിഡി നിരക്കിലാണ് വയർലെസ് സെറ്റും കാമറയും ഉൾപ്പെടെ നൽകിയത്. 45,000രൂപ വിലവരുന്ന ഇത്തരം ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ 12,000രൂപക്കാണ് നൽകിയത്. മീന്‍പിടിത്തത്തിന് ആവശ്യമായ മണ്ണെണ്ണ മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാരാണ്. 25 ശതമാനം സബ്സിഡിയും ലഭിക്കുന്നുണ്ട്. 100രൂപയുടെ എണ്ണ 75രൂപയ്ക്ക് ലഭിക്കുന്നു. സബ്സിഡി കൃത്യമായി ലഭിക്കുന്നു. ഒട്ടേറേ ക്ഷേമപ്രവർത്തനങ്ങൾ മീന്‍പിടിത്ത മേഖലയിൽ ഒരു പതിറ്റാണ്ടിനിടയിൽ നടപ്പാക്കിയിട്ടുണ്ട്. പുനർ ഗേഹം പദ്ധതില്‍ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് സർക്കാർ വീടൊരുക്കി നൽകിയത്. പൊട്ടിപ്പൊളിഞ്ഞ സുനാമി ഫ്ലാറ്റുകൾക്ക് പകരം കുളിർമ, നീലിമ, തനിമ ഫ്ലാറ്റുകൾ നിർമിച്ച നൽകിയത് എൽഡിഎഫ് സർക്കാരാണ്. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി സാഫ്സംരംഭങ്ങൾ ഉൾപ്പെടെ നടപ്പാക്കി. കടലിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ആശയവിനിമയം നടത്താൻ വയർലെസും കാമറയും ഉൾപ്പെടെ നൽകിയതിലൂടെ സുരക്ഷിതമായി മീന്‍പിടിത്തം നടത്താനും സർക്കാർ അവസരമൊരുക്കിയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.









0 comments