Deshabhimani

ജലാശയങ്ങൾ കൈയടക്കി
കുളവാഴകൾ

പന്മന പോരൂക്കര വട്ടക്കായലിൽ നിറഞ്ഞുകിടക്കുന്ന കുളവാഴകൾ
avatar
സ്വന്തം ലേഖകൻ

Published on Oct 25, 2026, 01:17 AM | 1 min read

ചവറ

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് തടസ്സമായി ജലാശയങ്ങൾ കുളവാഴകൾ കൈയടക്കുന്നു. പള്ളിക്കലാറ്‌, ദേശീയ ജലപാത, പന്മന വട്ടക്കായൽ എന്നിവിടങ്ങളിലാണ്‌ കുളവാഴകൾ നിറഞ്ഞത്‌. ഇതോടെ വള്ളങ്ങൾക്ക്‌ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുളവാഴകളുടെ വേരുകളും ഇലകളും ചേർന്ന് ജലാശയത്തിന് മുകളിൽ കട്ടിയുള്ള പാട രൂപപ്പെടുന്നതിനാൽ സ്വാഭാവികമായ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. മീൻപിടിത്ത വലകളിൽ കുളവാഴകൾ കുടുങ്ങി വലകൾ കീറിപ്പോകുന്നതും പതിവാണ്‌. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന്‌ യന്ത്രസഹായത്തോടെ കുളവാഴകൾ നീക്കം ചെയ്യണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു. പള്ളിക്കലാറിൽനിന്നാണ് കുളവാഴ ദേശീയ ജലപാതയിലേക്കും വട്ടക്കായലിലേക്കും ഒഴുകിയെത്തുന്നത്. പോരുകര ഭാഗത്ത് വട്ടക്കായൽ പടിക്കൽ കടവിനോട് ചേർന്ന് കായലിന്റെ പകുതിയോളം കുളവാഴ നിറഞ്ഞു. ടി എസ് കനാലിലും സ്ഥിതി ഇതുതന്നെ. ഒട്ടേറെ ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് ഇവിടങ്ങളിൽ മീൻപിടിച്ച്‌ ജീവിക്കുന്നത്‌. മുമ്പ്‌ കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് കുളവാഴകൾ നീക്കം ചെയ്തിരുന്നു. എന്നാൽ, പരിശോധനയ്ക്ക് എത്തുമ്പോൾ വീണ്ടും കുളവാഴകൾ നിറയുന്നത് ഓഡിറ്റിങ് പ്രശ്നത്തിന് കാരണമാകുന്നു. കായലിലെ ഉപരിതലം കുളവാഴ കൈയടക്കുന്നതോടെ വെള്ളത്തിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ഓക്സിജനും കടന്നുചെല്ലുന്നത് തടസ്സപ്പെടുന്നു. ഇത് കായലിലെ മീൻ സമ്പത്തിനെയും ദോഷകരമായി ബാധിക്കും. വെള്ളം ഒഴുക്കില്ലാതെ മലിനമാകുന്നതിനാൽ കൊതുകുകൾ പെരുകാനും പകർച്ചവ്യാധികൾ പടരാനും ഇടയാക്കും. കുളവാഴകൾ ശേഖരിച്ച് ജൈവവളം, കരകൗശലവസ്തുക്കൾ, ബയോ ഫ്യൂവൽ, പെല്ലറ്റുകൾ എന്നിവയുടെ നിർമാണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആവശ്യമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home