അതിരുകളില്ലാ സേവനം
കെ– ഫോണിൽ കുതിച്ച് കൊല്ലം

കൊല്ലം
അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കി അതിരുകളില്ലാത്ത വിനോദ– വിജ്ഞാന സേവനത്തിന് ഉതകുന്ന കേരളത്തിന്റെ കെ– ഫോൺ കണക്ഷൻ ജില്ലയിൽ കുതിക്കുന്നു. ഇതുവരെ 12,439 കണക്ഷനാണ് നൽകിയത്. 9915 എണ്ണം ഗാർഹിക ഉപയോക്താക്കളും 2524 എണ്ണം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഗാർഹിക ഉപയോക്താക്കളിൽ 1475 എണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള സൗജന്യ കണക്ഷനുകളാണ്. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലെ വിശ്വാസ്യതയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ മുന്നേറ്റത്തിനു പിന്നിൽ. ദിവസവും അമ്പതിലേറെ കണക്ഷനുകൾക്കാണ് അപേക്ഷ ലഭിക്കുന്നത്. സാധ്യത പരിഗണിച്ച് ദിവസവും 25 കണക്ഷൻ നൽകുന്നു. അപേക്ഷ ലഭിച്ച് 48മണിക്കൂറിനുള്ളിൽ കണക്ഷൻ ലഭ്യമാക്കുന്ന നടപടിയുമായി മുന്നേറുകയാണ് അധികൃതർ. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയിൽ ഇൻട്രാനെറ്റ് സർവീസാണ് ലഭ്യമാക്കുന്നത്. ബിഎസ്എൻഎൽ, റിലയൻസ് ജിയോ, വിഐ, എയർടെൽ എന്നിവയുമായി സഹകരിച്ചാണ് കണക്ഷനുകൾ നൽകുന്നത്. ഒരു സെർവർ ഡൗൺ ആയാലും മറ്റുള്ളവയിൽനിന്ന് തടസ്സമില്ലാതെ സർവീസ് ലഭ്യമാക്കാൻ കഴിയും. കൂടാതെ കെ– ഫോൺ നെറ്റ്വർക്ക് സെന്ററുമായി മെറ്റ, ഗൂഗിൾ എന്നീ കന്പനികളുടെ സോഫ്ട്വെയറും ബന്ധിപ്പിച്ചിട്ടുള്ളതിനാൽ തടസ്സമില്ലാതെ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ കഴിയും. ബിപിഎൽ വിഭാഗങ്ങൾക്കുള്ള ഡാറ്റാപരിധി മാസം 1000 ജിബിയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ 20 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബി വീതമാണ് ലഭ്യമായിരുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയിൽനിന്നായിരുന്നു ബിപിഎൽ കണക്ഷൻ നൽകിയിരുന്നത്. ഇപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക് നേരിട്ട് കണക്ഷന് അപേക്ഷിക്കാം. മറ്റു സർവീസ് പ്രൊവൈഡർമാരുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിലെ ഏറ്റവും വലിയ നെറ്റ്വർക്കായ കെ– ഫോണിൽ ഒടിടിയും ലഭ്യമായതോടെ കൂടുതൽപേർ കണക്ഷന് അപേക്ഷ നൽകാൻ രംഗത്തുണ്ട്.









0 comments