മിഴി പൂട്ടി, നക്ഷത്രക്കൂട്ടത്തെ ഒപ്പിയെടുത്ത കണ്ണുകൾ

കൊല്ലം
നിശ്ചല ഛായാഗ്രാഹകൻ എസ് മോഹൻനായർ എന്നു കേട്ടാൽ ഒരു പക്ഷേ, നമുക്ക് അത്ര സുപരിചിതമല്ല ആ പേര്. എന്നാൽ, കൊല്ലം മോഹൻ എന്നു കേൾക്കുമ്പോൾ മലയാള സിനിമാ ചരിത്രത്തെ തന്റെ കാമറക്കണ്ണുകൾ കൊണ്ട് അടയാളപ്പെടുത്തിയ ഒരു കുറിയ മനുഷ്യനെ ഓർമവരും. കഴിഞ്ഞദിവസം ട്രെയിനിൽനിന്ന് വീണുമരിച്ച കൊല്ലം മോഹൻ മലയാള സിനിമാ ചരിത്രത്തിലെ ഒരിക്കലും വിസ്മരിക്കാനാകാത്ത ഒരേടാണ്. നാനയുടെ മുഖമായിരുന്ന കാമറമാനായിരുന്നു മോഹൻ. തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് ജനിച്ച മോഹൻ പതിനൊന്നാം ക്ലാസ് കഴിഞ്ഞ് ജോലി അന്വേഷിച്ചാണ് കൊല്ലത്ത് എത്തുന്നത്. ബന്ധുവിന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്യേണ്ടിവന്നത് ജീവിതത്തിലെ വഴിത്തിരിവായി. 1972ൽ കൊല്ലത്തും മുണ്ടയ്ക്കലുമായി ഷൂട്ടിങ് നടത്തിയ ചെമ്പരത്തി എന്ന മലയാള ചിത്രത്തിലെ അഭിനേതാക്കളായ രാഘവനും ശോഭനയും ഫോട്ടോ എടുക്കാൻ കൊല്ലത്തെ വേൽ സ്റ്റുഡിയോയിലെത്തി, ഫോട്ടോ എടുക്കാൻ നിയോഗിക്കപ്പെട്ടത് മോഹനും. അന്ന് എടുത്ത ചിത്രവുമായി മോഹൻ നേരെ തിരുവനന്തപുരത്തെ നാനാ ഓഫീസിലേക്ക് വണ്ടികയറി. അവിടെ നാനായിൽ ചിത്രം പ്രിന്റ് ചെയ്തുവരുന്നു. അവിടെനിന്ന് തുടങ്ങുന്ന അവിസ്‌മരണീയ യാത്ര എണ്ണിയാൽ തീരാത്ത വർണചിത്രങ്ങൾ ഓർമകളിൽ സൂക്ഷിക്കാന്‍ മലയാളികൾക്ക് നൽകി. പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ 55–ാം ദിവസം ആഘോഷം തിരുവനന്തപുരം എംവി തിയറ്ററിൽ സംഘടിപ്പിപ്പിച്ചപ്പോൾ ശങ്കറും മോഹൻലാലും പൂർണിമാ ജയറാമും ഒന്നിച്ചുള്ള ചിത്രം എടുത്തു. അതും നാനയിൽ പ്രിന്റ് ചെയ്തു വന്നതോടെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു മോഹൻ. നാനയ്ക്ക് വേണ്ടി ആദ്യമായി മോഹൻലാലിന്റെ ചിത്രം പകർത്തുന്നത് മോഹനാണ്. തുടർന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മോഹന്റെ കാമറ ഫ്ലാഷ് പതിയാത്ത ചലച്ചിത്ര താരങ്ങൾ ഇല്ലായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലെ താരങ്ങളുടെ എണ്ണമില്ലാത്ത ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, രജനീകാന്ത്, കമലഹാസൻ, ശ്രീദേവി, മധു, ജയൻ, സുകുമാരൻ, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഉർവശി, കാർത്തിക, പാർവതി തുടങ്ങി എണ്ണം പറഞ്ഞ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ മോഹന്റെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. മതിലുകൾ, മുഖാമുഖം, സ്നേഹപൂർവം മീര, ബലൂൺ, കലിക, രാധ എന്ന പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. കലിക, പാവപ്പെട്ടവർ, എതിർപ്പുകൾ, രാധ എന്ന പെൺകുട്ടി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷം ചെയ്തു. മോഹൻലാലിനെക്കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെ സംഘടനയിലും സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയിലും അംഗമാണ്. മോഹന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ രംഗത്തിനും കൊല്ലത്തിനും നികത്താനാകാത്ത നഷ്ടമാണ്.









0 comments