കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ചിൽ നിർമാണം സ്തംഭിച്ചു
കരാർ കന്പനി വിശ്വസമുദ്രയെ കരിന്പട്ടികയിൽപ്പെടുത്തി എൻഎച്ച്എഐ നിർമാണം പൂർത്തിയാക്കാൻ എൻഎച്ച്എഐ തന്നെ നേരിട്ട് സബ് കരാറുകൾ നൽകാൻ ആലോചന


സ്വന്തം ലേഖകൻ
Published on Nov 08, 2026, 02:20 AM | 1 min read
കൊല്ലം
സമയം നീട്ടിനൽകിയിട്ടും ദേശീയപാത 66ൽ കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെ മുടങ്ങിയ നിർമാണ പ്രവൃത്തികളിൽ പുരോഗതി ഇല്ലാത്തതിനെത്തുടർന്ന് കരാർ കന്പനിയായ വിശ്വസമുദ്രയെ കരിന്പട്ടികയിൽപ്പെടുത്തി എൻഎച്ച്എഐ. മാസങ്ങളായി നിർമാണം സ്തംഭിച്ചിരിക്കുകയാണ്. വിശ്വസമുദ്രയെ കരിന്പട്ടികയിൽപ്പെടുത്താൻ രണ്ടുമാസംമുന്പ് ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ആദ്യ ഡിസൈൻ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് കമ്പനി എൻഎച്ച്എഐ ചെയർമാന് കത്തുനൽകുകയും സെപ്തംബർ 16ന് വീണ്ടും സമയം നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും നിർമാണത്തിൽ പുരോഗതിയുണ്ടായില്ല. കരാർകന്പനി കടുത്ത സാന്പത്തിക ബാധ്യതയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതെല്ലാം കണക്കിലെടുത്താണ് വിശ്വസമുദ്രയെ ടെർമിനേറ്റ് ചെയ്യാൻ തീരുമാനമായത്. വിശ്വസമുദ്രയെ കരാറിൽനിന്ന് ഒഴിവാക്കി നിർമാണം പൂർത്തിയാക്കാൻ എൻഎച്ച്എഐ നേരിട്ട് ഉപകരാറുകൾ നൽകാനാണ് ആലോചിക്കുന്നത്. 2027 ഡിസംബറിനുമുന്പ് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അതിനിടെ വിശ്വസമുദ്ര ചെയ്തിട്ടുള്ള നിർമാണ പ്രവൃത്തികളുടെ ചെലവ് നിർണയിക്കാനും ദേശീയപാത അതോറിറ്റി നടപടിയെടുത്തു. കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെ ആകെ 31.5 കിലോമീറ്റർ ആണ്. 2022 നവംബറിൽ നിർമാണം ആരംഭിക്കുന്പോൾ കരാർതുക 1580കോടി രൂപ ആയിരുന്നു. പിന്നീട് 300കോടിയുടെ നിർമാണ പ്രവൃത്തികൾ കൂട്ടിച്ചേർത്തു. ഇതുകൂടാതെ പല ഭാഗത്തായി 6.38 കിലോമീറ്ററിൽ പുതിയ പ്രവൃത്തികളും എൻഎച്ച്എഐയുടെ പരിഗണനയിലാണ്. ഇതിനിടെ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ട ഉപകരാറുകൾ ഏറ്റെടുത്തവരും വാഹനങ്ങളും യന്ത്രസാമഗ്രികളും വാടകയ്ക്ക് നൽകിയവരും ഇടപ്പള്ളിക്കോട്ടയിലെ വിശ്വസമുദ്ര കമ്പനിയുടെ ഓഫീസ് കഴിഞ്ഞദിവസം ഉപരോധിച്ചിരുന്നു. മെഷിനറികളും വാഹനങ്ങളും മണ്ണുമാന്തി യന്ത്രം ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാടകയ്ക്ക് നൽകിയ ഇനത്തിലും ചെറിയ പാലങ്ങൾ, ഓടകൾ, കലുങ്ക് തുടങ്ങിയവയുടെ ഉപകരാർ ഏറ്റെടുത്ത ഇനത്തിലുമായി ഏഴുകോടിയിലധികം രൂപ നൽകാനുണ്ടെന്നാണ് പ്രതിഷേധവുമായി എത്തിയവർ പറയുന്നത്.









0 comments