മുന്നേറി കൊല്ലം കോർപറേഷൻ
ആധുനിക നഗരത്തിലേക്ക്

പി ആർ ദീപ്‌തി
Published on Aug 03, 2025, 01:07 AM | 3 min read
കൊല്ലം
സാധാരണക്കാരുടെ വീടെന്ന സ്വപ്‌നം ഉറപ്പാക്കിയും മാലിന്യസംസ്‌കരണത്തിലും ലോകോത്തര നഗരമാകാനുള്ള കുതിപ്പിലാണ് കൊല്ലം. നഗരത്തെ സ്‌പോർട്‌സ് ഹബ്ബാക്കി കായികമേഖലയ്‌ക്ക് കരുത്തുപകരുകയാണ് കോർപറേഷൻ. എവിടെയും വികസനത്തിന്റെയും ക്ഷേമത്തിന്റെയും മുന്നേറ്റം. ആധുനിക വികസനം കൈവരിക്കുന്ന കൊല്ലം പട്ടണം കായികമേഖലയ്‌ക്ക് പ്രതീക്ഷയേറ്റി ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്റ്റേഡിയം, മനം നിറയ്‌ക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരോഗ്യമേഖലയ്‌ക്ക് കരുത്തായി ആശുപത്രികൾ തുടങ്ങി വിവിധ മേഖലകളിലെ മുന്നേറ്റത്തിനാണ് സാക്ഷിയാകുന്നത്. പ്രകാശപൂരിത നഗരം യാഥാർഥ്യമാക്കി. എല്ലായിടത്തും തെരുവുവിളക്കുകൾ കത്തിച്ചു. കോർപറേഷന്റെ തനതുവരുമാനം വർധിധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താമരക്കുളത്ത് കെഎംസി മാൾ നിർമിച്ചു. 55 ഡിവിഷനിലായി കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കേരളത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡേഴ്‌സിന് പരിശീലന കേന്ദ്രം നിർമിച്ചു നൽകിയതും കൊല്ലമാണ്. നാലുവർഷം കൊണ്ട് നടപ്പാക്കിയ എണ്ണമറ്റ വികസന പ്രവർത്തനങ്ങളിലൂടെ സമാനതകളില്ലാത്ത നേട്ടം കൈവരിക്കാൻ കോർപറേഷന് കഴിഞ്ഞു. സ്വപ്‌ന വീട് ഏതൊരാളുടെയും സ്വപ്‌നമാണ് വാസയോഗ്യമായ വീട്. കാറ്റും മഴയും ഏൽക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനുള്ള ഇടം. അതില്ലാത്തവരുടെ വേദന മനസ്സിലാക്കിയ ഭരണസമിതി സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ക്യുഎസ്എസ് കോളനിയിലെ ചോർന്നൊലിച്ചു കിടന്നിരുന്ന ഭവനസമുച്ചയങ്ങൾ പൊളിച്ചുമാറ്റി സംസ്ഥാന സർക്കാരുമായി ചേർന്ന് നീലിമ, കുളിർമ, തനിമ, കെഎംസി ഫ്ലാറ്റുകൾ നിർമിച്ച് സുരക്ഷിതകൂടൊരുക്കി. ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ചേർത്തുപിടിച്ചത്. ഭൂമിയില്ലാത്ത 1000 കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് 52.50 കോടിയും 6713 വീട് നിർമിക്കുന്നതിന് 268 കോടിയും വിനിയോഗിച്ചു. ഫ്ലാറ്റുകൾ നിർമിക്കുന്നതിന് മയ്യനാട് പഞ്ചായത്തിൽ ഒന്നര ഏക്കർ ഭൂമിയും വാങ്ങി. അതിദരിദ്രർക്കും ജനറൽ, എസ്‌സി വിഭാഗത്തിനും ഭൂമി വാങ്ങാൻ ആറുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. 300 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കുന്നതിന് 26 കോടിയുടെ പ്രോജക്ടിന് അംഗീകാരമായിട്ടുണ്ട്. മാലിന്യമലകൾ തകർന്നു കുരീപ്പുഴ ചണ്ടിഡിപ്പോയിൽ കാലങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. സർക്കാരും കോർപറേഷനും മുന്നിട്ടിറങ്ങിയപ്പോൾ ചണ്ടിഡിപ്പോയിലെ മാലിന്യമല തകർന്നു. കൊല്ലത്തിന്റെ പുതുമാതൃക ഉയർന്നു. ‘ശുചിത്വനഗരം സുന്ദരനഗരം' ലക്ഷ്യം കൈവരിക്കാൻ 75 വർഷമായി ചണ്ടിഡിപ്പോയിൽ കുന്നുകൂടിക്കിടന്ന 1, 04, 000 ക്യൂബിക് മീറ്റർ മാലിന്യം ബയോമൈനിങ്ങിലൂടെയാണ് നീക്കം ചെയ്‌തത്. മനോഹര പൂന്തോട്ടമാണ് ഇന്നവിടം. കൊല്ലത്തിന്റെ സമഗ്ര വികസനത്തിന് ഭൂമി ഉപയോഗിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് സിഎൻജി പ്ലാന്റ് സ്ഥാപിക്കാനുള്ള കരാർ ഉടൻ ഒപ്പുവയ്‌ക്കും. രണ്ടുകോടി രൂപ ചെലവഴിച്ച് മിറാക്കിൾ പാർക്കും സ്ഥാപിക്കും. ശുചിത്വ നഗരം ഉറവിട മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി വീടുകളിൽ ബയോ കമ്പോസ്റ്റർ ബിന്നുകളും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ സബ്‌സിഡി നിരക്കിലും വിതരണംചെയ്‌തു. കൊല്ലം നഗരം ശുചിത്വ നഗരമാക്കാൻ എല്ലാ പ്രദേശങ്ങളിലും ബോട്ടിൽ ബൂത്ത്, കരിയില സംഭരണികൾ, നിരീക്ഷണ കാമറ എന്നിവ സ്ഥാപിച്ചു. ദശാബ്ദങ്ങളായി കൊല്ലം നിവാസികളുടെ ആവശ്യമായിരുന്നു ദ്രവമാലിന്യ സംസ്‌കരണ സംവിധാനം വേണമെന്നുള്ളത്. 12 എംഎൽഡി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സജ്ജമാകുന്നു. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കൊല്ലം. ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതിയിലൂടെ അഷ്ടമുടിക്കായിലിനെ വീണ്ടെടുക്കാനുള്ള പ്രവർത്തനം ഊർജിതം. കായലിൽനിന്ന് 200 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കി. നൂറു കുടുംബങ്ങൾക്ക് ബയോ ഡൈജസ്റ്റർ നൽകി. തീരത്ത് കണ്ടൽച്ചെടികൾ നട്ട് കായലിന് സംരക്ഷണം ഒരുക്കി. 51 കടവ് നവീകരിച്ച് സോളാർ ലൈറ്റുകളും കാമറകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. ലിങ്ക് റോഡിന് സമീപം കായലിൽ മ്യൂസിക്കൽ ഫൗണ്ടൻ നിർമാണവും തുടങ്ങി. കായലിൽ വാട്ടർ സ്പോർട്‌സ് പദ്ധതികൾക്കും അംഗീകാരമായി. ജലാശയ, നീർത്തട സംരക്ഷണ പദ്ധതികളുടെ ഭാഗമായി വട്ടക്കായൽ ശുചീകരിച്ചു. കയർ ഭൂവസ്ത്രം വിരിച്ചു. കൊട്ടാരക്കുളം നവീകരിച്ച് സമർപ്പിച്ചു. കൂടാതെ അമൃത് രണ്ട് പദ്ധതിപ്രകാരം 28 കുളങ്ങളുടെ സംരക്ഷണത്തിന് അഞ്ചുകോടി നീക്കിവച്ചു. കരുത്തോടെ ആരോഗ്യം ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. തൃക്കടവൂർ സിഎച്ച്‌സി, പാലത്തറ, ഇരവിപുരം, ശക്തികുളങ്ങര പിഎച്ച്‌സി വികസനങ്ങൾ. അർബൻ മേഖലയിലെ പിഎച്ച്‌സികളായ ഉളിയക്കോവിൽ, വാടി, മുണ്ടയ്ക്കൽ കൂടാതെ ഏഴ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായി ഉയർത്തി. കായിക കുതിപ്പ് കായികവിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടലുകളാണ് നടത്തിയത്. കൊല്ലത്തെ സ്പോർട്സ് ഹബ്ബാക്കി കായികമേഖലയ്‌ക്ക് കരുത്തുപകരാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കോർപറേഷൻ വിട്ടുനൽകിയ മൂന്നേക്കറിൽ ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നു. നീന്തൽക്കുളം, ടെന്നീസ് കോർട്ടിന് ചെയ്‌ഞ്ച് റൂം, സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയം നവീകരണം എന്നിവയും നടന്നുവരുന്നു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കോർപറേഷനിലെയും അഞ്ച് സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ 565 കോടി രൂപ ചെലവിൽ ആവിഷ്‌കരിച്ച ‘ഞാങ്കടവ് പദ്ധതി' അവസാനഘട്ടത്തിലാണ്. ദിനംപ്രതി 100 എംഎൽഡി ശുദ്ധജലം 24 മണിക്കൂറും വിതരണംചെയ്യാൻ കഴിയും. ഗുഡ് മോണിങ് കൊല്ലം ചിന്നക്കടയിലെ ‘ഗുഡ് മോണിങ് കൊല്ലം’ നിരവധിയാളുകളുടെ അന്നദാതാവാണ്. ‘ചെറിയ വിലയിൽ മികച്ച ആഹാരം കിട്ടുന്നത് ഞങ്ങളെപ്പോലെയുള്ള ജീവനക്കാർക്ക് അനുഗ്രഹമാണ്. കോർപറേഷന്റെ പദ്ധതികളിൽ ഗുഡ് മോണിങ് കൊല്ലം വേറിട്ട് നിൽക്കുന്നു’–- ഇരവിപുരം സ്വദേശി ജോബിൻ ജോൺസണിന്റെ വാക്കുകൾ നഗരത്തിൽ എത്തുന്ന നിരവധി പേരുടേത് കൂടിയാണ്. കോർപറേഷന്റെ വിഷുക്കൈനീട്ടമായ ‘ഗുഡ്‌മോണിങ് കൊല്ലം' മാതൃകാപദ്ധതി ഇതിനകം പ്രയോജനപ്പെടുത്തിയത് ആയിരങ്ങൾ. 10 രൂപയ്‌ക്ക് പ്രഭാതഭക്ഷണവും 20 രൂപയ്‌ക്ക് ഊണും ലഭിക്കുന്നത് ചിന്നക്കട ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക കൗണ്ടറിലാണ്. ദിവസവും രാവിലെ ഇഡ്ഡലിയും ദോശയും അപ്പവും ഇടിയപ്പവും കറിയുമെല്ലാം 10 രൂപയ്‌ക്ക് കഴിച്ചുമടങ്ങാം. സുഭിക്ഷ പദ്ധതി വഴിയാണ് പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നത്. മൂന്നുകൂട്ടം കറി, അച്ചാർ, രണ്ടുകൂട്ടം ഒഴിച്ചുകറി എന്നിവ ഉൾപ്പെടുത്തിയാണ് ഊണ് നൽകുന്നത്.









0 comments