കാലാവസ്ഥ റഡാർ സ്ഥാപിക്കൽ
കൊല്ലം ബീച്ചിന് മുഖ്യ പരിഗണന

സി ബാൻഡ് ഡോപ്ലർ റഡാർ
പി ആർ ദീപ്തി
Published on Jan 14, 2026, 01:28 AM | 1 min read
കൊല്ലം
കാലവർഷ സ്വഭാവവും തത്സമയ അന്തരീക്ഷ സ്ഥിതിയും കൂടുതൽ സൂക്ഷ്‌മമായി നിരീക്ഷിക്കാനും വിശദാംശ കൃത്യതയ്ക്കും കൊല്ലത്ത് റഡാർ സ്ഥാപിക്കാൻ അനുയോജ്യം കൊല്ലം ബീച്ചിന് സമീപമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വിലയിരുത്തൽ. 250 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള സി ബാൻഡ് ഡോപ്ലർ റഡാർ സ്ഥാപിക്കുന്നതിന് അനുയോജ്യ സ്ഥലം കണ്ടെത്തുന്നതിന് കാലാവസ്ഥ കേന്ദ്രം (ഐഎംഡി) കൊച്ചി റഡാർ സെന്റർ അധികൃതർ ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം ബീച്ചിനെ പരിഗണിക്കുന്നത്. കൊല്ലം ബീച്ച് കൂടാതെ തിരുമുല്ലാവാരം, നീണ്ടകര തുറമുഖത്തിന് സമീപം, അഴീക്കൽ തുറമുഖത്തിന് സമീപം ആലപ്പാട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ എല്ലായിടത്തും റഡാർ സ്ഥാപിക്കുന്നതിന് വലിയ കെട്ടിടങ്ങൾ അടക്കം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഇതിനെ മറികടക്കാൻ കൊല്ലം ബീച്ചിൽ പ്ലാറ്റ്‌ഫോം ഉയർത്തി റഡാർ സ്ഥാപിക്കാമെന്നാണ് കണക്ക്‌കൂട്ടൽ. ഇതുവഴി കൊല്ലം, ആലപ്പുഴ ജില്ലകൾ പൂർണമായും തിരുവനന്തപുരത്തിന്റെ കുറച്ച് തീരഭാഗം വരെയും റഡാർ കണ്ണ് നീളും. കാലവർഷത്തിന്റെ അതിസൂക്ഷ്‌മ ഘടകങ്ങൾ പോലും കൂടുതൽ നേരത്തെയും വേഗത്തിലും ലഭ്യമാകും. പ്രാദേശികമായി ലഭിക്കുന്ന അതിതീവ്ര മഴ പോലും നേരത്തെ അറിയാനുമാകും. മേഘങ്ങളുടെ നീക്കം, വലിപ്പം, ഇടിയോടുകൂടിയ മഴ, ജലകണങ്ങളുടെ വലിപ്പം, ചുഴലി, കാറ്റിന്റെ ഗതി, എന്നിവയും വ്യക്തമായി അറിയാൻ കഴിയും. കാലവർഷ പ്രവചനം, ദുരന്ത നിവാരണ പ്രവർത്തനം എന്നിവയ്‌ക്ക് ഇൗ അധിക വിവരങ്ങൾ സഹായമാകും. നിലവിൽ എറണാകുളം പള്ളുരുത്തിയിലുള്ള 500 കിലോ മീറ്റർ വരെ നിരീക്ഷിക്കാവുന്ന റഡാറിൽ നിന്നുള്ള വിവരങ്ങളാണ് കാലാവസ്ഥ അറിയിപ്പുകൾക്കായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് ഐഎസ്‌ആർഒയുടെ റഡാറിൽ നിന്നുള്ള ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിലും ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത്തരം പ്രതിസന്ധിയും കൊല്ലത്ത് റഡാർ വരുന്നതോടെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ കൊങ്കൺ മേഖല അടക്കം നിരീക്ഷിക്കാവുന്ന റഡാർ മംഗളൂരുവിൽ സ്ഥാപിച്ചതോടെ വടക്കൻ കേരളം അതിന്റെ പരിധിയിലായിരുന്നു. വയനാട് പുൽപ്പള്ളിയിലെ റഡാർ സ്ഥാപിക്കൽ പ്രവർത്തനവും ഉൗർജിതമാണ്. കൊല്ലത്ത് കൂടി സ്ഥാപിക്കുന്നതോടെ സംസ്ഥാനം മുഴുവൻ റഡാറുകളുടെ നിരീക്ഷണ പരിധിയിലാകും.










0 comments