ad
Deshabhimani

കെഎംഎംഎല്‍

ആവശ്യമായ കരിമണല്‍ 
ഉറപ്പുവരുത്തണം: സിഐടിയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 01:18 AM | 1 min read

കൊല്ലം

കേരളത്തിലെ വലുതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കരിമണല്‍ ഉറപ്പുവരുത്തണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി. നിലവിൽ ഒന്നരമാസംകൂടി കെഎംഎംഎല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ധാതുമണല്‍ ശേഖരമാണുള്ളത്. തോട്ടപ്പള്ളിയില്‍നിന്നു പൊഴിമുറിക്കുമ്പോള്‍ ലഭ്യമാകുന്ന കരിമണല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖല സംരക്ഷണ താല്‍പ്പര്യാര്‍ഥം കെഎംഎംഎല്ലിനും ഐആര്‍ഇക്കും ലഭിച്ചിരുന്നു. ഐആര്‍ഇ കരിമണലില്‍നിന്നു നിര്‍മിക്കുന്ന റോ ഇൽമിനേറ്റ് കെഎംഎംഎല്ലിന് വിലകൊടുത്തു നല്‍കുകയുമായിരുന്നു ധാരണ. എന്നാല്‍, യുഡിഎഫ് അധികാരത്തിലേറിയശേഷം തോട്ടപ്പള്ളിയില്‍നിന്നു ലഭിക്കേണ്ടിയിരുന്ന മണലിനായി ഇറിഗേഷന്‍ വകുപ്പ് നല്‍കേണ്ട അനുമതി ഇതുവരെ നല്‍കാത്തതാണ് ഏഴുവര്‍ഷമായി നടന്നിരുന്ന കരിമണല്‍ ലഭ്യത ഇല്ലാതാകാന്‍ കാരണം. കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തോട്ടപ്പള്ളിയിലെ പൊഴിമുറിച്ച് ലഭ്യമായ കരിമണല്‍ കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്തതോടെ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായത്തിന് പിന്തുണ നല്‍കേണ്ട സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് കേരളത്തിലെ ജനങ്ങളോട് പറയണം. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കി പൊതുമേഖല നഷ്ടത്തിലാക്കാനും സ്വകാര്യ കോര്‍പറേറ്റുകളെ സഹായിക്കാനുമുള്ള വി ഡി സതീശൻ സര്‍ക്കാരിന്റെ പദ്ധതിയാണിതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. നിലവിൽ മൈനിങ് മേഖലകളായ കോവില്‍തോട്ടം, പൊന്മന പ്രദേശങ്ങളില്‍ കടല്‍കയറിയ ഭാഗങ്ങളില്‍ പുലിമുട്ട് സ്ഥാപിച്ച്‌ കരിമണല്‍ ശേഖരണം തുടങ്ങണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുരോഗമിച്ചുകൊണ്ടിരുന്ന നീണ്ടകരയിലെ കരിമണല്‍ ശേഖരണ പ്രദേശങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home