നാടാകെ പ്രതിഷേധം

എ ബി അൻസാർ
Published on Oct 06, 2026, 01:28 AM | 1 min read
പത്തനാപുരം
കാട്ടാന ആക്രണത്തിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചതറിഞ്ഞ് നാടാകെ പ്രതിഷേധവുമായി തെരുവിലിറങ്ങി. കടശേരി വനം ഓഫീസിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎയെ നാട്ടുകാർ തടഞ്ഞുവച്ചു. ഫോറസ്റ്റ് ഓഫീസിലേക്കുള്ള ഗേറ്റ് നാട്ടുകാർ പൂട്ടി. പിറവന്തൂർ പഞ്ചായത്തിലെ പുന്നല, കടശേരി മേഖലയിലെ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ പ്രതിഷേധിച്ചത്. സിസിഎഫ് സ്ഥലം സന്ദർശിക്കണമെന്നും വീട്ടമ്മയെ ആക്രമിച്ചുകൊന്ന ആനയെ കാട്ടിലേക്ക് തിരിച്ചുകയറ്റാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവശേഷം തൊഴിലുറപ്പ് തൊഴിലാളികളും കേരള കർഷകസംഘം പ്രവർത്തകരും ചേർന്ന് രാവിലെ കടശേരി വനം ഓഫീസ് ഉപരോധിച്ചു. ഉച്ചയോടെ എത്തിയ എംഎൽഎ സമരക്കാരുമായി സംസാരിച്ചെങ്കിലും സിസിഎഫ് സ്ഥലം സന്ദർശിക്കണമെന്നും വീട്ടമ്മയെ ആക്രമിച്ചുകൊന്ന ആനയെ കാട്ടിലേക്ക് തിരിച്ചുകയറ്റാൻ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാതെ എംഎൽഎയുമായി ചർച്ചയ്ക്ക് ഇല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഈ അമ്മയ്ക്ക് പകരം ആനയാണ് ചത്തത് എങ്കിൽ എല്ലാ ഉദ്യോഗസ്ഥരും സ്ഥത്ത് എത്തുമായിരുന്നല്ലോ എന്ന് ഒരു തൊഴിലാളി ഉറക്കെ ചോദിച്ചു. ഇതിനിടെ എംഎൽഎ കടശേരി വനം ഓഫീസിൽ നിന്ന് സ്ഥലംവിടുമെന്ന് പ്രചരിച്ചതോടെ ക്ഷുഭിതരായ നാട്ടുകാർ ഓഫീസ് ഗേറ്റ് അടച്ചു. വൈകിട്ട് 3.30ഓടെ സിസിഎഫ്കെ കാർത്തികേയൻ സ്ഥലം സന്ദർശിച്ചു. ആർആർടി സംഘം എത്തി ആനയെ കാട്ടിലേക്ക് കയറ്റാൻ നടപടി സ്വീകരിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.









0 comments