സുൽത്താനെ തടവിലാക്കിയ കസ്‍ബ

കസ്ബ ജയിലായിരുന്ന കൊല്ലം താലൂക്ക് ഓഫീസ്
മഹേഷ് കൃഷ്‌ണൻ
Published on Feb 19, 2025, 10:07 AM | 2 min read
കൊല്ലം : കൊല്ലത്തെ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം തലയുയർത്തി നിൽക്കുന്ന കെട്ടിടം. കൊല്ലം താലൂക്കിന്റെ ആസ്ഥാനമന്ദിരം. അതിനുമപ്പുറം ചരിത്രപ്രാധാന്യമുള്ളൊരിടം. കൊല്ലത്തെ ആദ്യകാല തടവറ കസ്ബ ജയിൽ സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്. ഒരുകാലത്ത് സ്വാതന്ത്ര്യസമരസേനാനികളുടെ മുദ്രാവാക്യം വിളികളാൽ മുഖരിതമായൊരു ജയിൽ. പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരെ കൊടുംപീഡനത്തിന് ഇരയാക്കിയ തടങ്കൽ പാളയം. നിരവധി പോരാട്ടങ്ങളുടെ സംഗമഭൂമിയായ കൊല്ലത്തിന്റെ ഐതിഹാസിക ചരിത്രത്തിൽ ജ്വലിച്ചുയർന്ന പലരും ഇവിടെ തടവിൽ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കസ്ബയുടെ ചോരകിനിയുന്ന ഓർമകളിൽ തെളിഞ്ഞുനിൽക്കുന്ന പേര് വൈക്കം മുഹമ്മദ് ബഷീറിന്റേതാകും. ഭരണകൂടഭീകരതയെ പത്രലേഖനത്തിലൂടെ വിമർശിച്ചതിനാലാണ് ബഷീർ തടവിലാക്കിയത്. കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ച ‘സ്വദേശാഭിമാനി' എന്ന പത്രത്തിലൂടെയാണ് "പട്ടം കണ്ട പേക്കിനാവ്' എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. വിമർശനങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്ന ബ്രിട്ടീഷ് സർക്കാർ ഇതിന്റെപേരിൽ ബഷീറിനെ ജയിലിൽ അടച്ചു.
കൊല്ലവുമായി വളരെയധികം ആത്മബന്ധമുള്ളയാളായിരുന്നു ബഷീർ. ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കാൻ ഈ ജയിൽവാസം സഹായിച്ചു. സെല്ലിൽ ടി എം വർഗീസ്, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർക്കൊപ്പമായിരുന്നു ബഷീർ. അദ്ദേഹത്തിനു മുണ്ടും ഷർട്ടും എത്തിച്ചിരുന്നത് പിൽക്കാലത്ത് സ്പീക്കറായ വി ഗംഗാധരനും മുൻ മന്ത്രി ടി കെ ദിവാകരനുമായിരുന്നു. ഇവരൊക്കെയും സഹതടവുകാരായിരുന്നു. പണം നൽകി സഹായിച്ചിരുന്നത് പട്ടത്തുവിള കരുണാകരനാണ്. തകഴിയും ബഷീറിനെ കാണാൻ എത്തിയിരുന്നു. നിരവധിപേർ കത്തുകളിലൂടെയും ബന്ധപ്പെട്ടിരുന്നു. അന്ന് ജയിലുകളിൽ പത്രങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ കത്തുകളിലൂടെയും കാണാനെത്തുന്നവരിലൂടെയുമാണ് വിവരങ്ങൾ അറിഞ്ഞിരുന്നത്. ലളിതാംബിക അന്തർജനം തടവുകാരൻ എന്ന പേരിൽ ഒരു കവിതയും അദ്ദേഹത്തിന് അയച്ചുനൽകി.
‘ഇരുളടഞ്ഞൊരു തടവുമൂലയിൽ
ഇരവിലേകനായി ഇരുന്നിടുക നീ
അമരഗാനങ്ങൾ ഉതിർന്ന തൂലിക
അലസമൂകമായി ശയിച്ചിടുന്നു'
എന്നിങ്ങനെയായിരുന്നു അതിലെ വരികൾ. ജയിൽമോചിതനായ ശേഷവും കൊല്ലവുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തടവറയിൽ താങ്ങും തണലും ആയിരുന്നവരുടെ വീടുകൾ സന്ദർശിക്കാനും അദ്ദേഹം മറന്നില്ല. ജയിൽ ജീവിതത്തിന്റെ ഓർമയ്ക്കായി അദ്ദേഹം നട്ടുവളർത്തിയ വേപ്പുമരം ഏറെക്കാലം ഇവിടെ തലയുയർത്തി നിന്നിരുന്നു.
ബഷീറും വിദ്യാധരനും
ബഷീറിന്റെ ജയിൽവാസത്തെ അനുസ്മരിക്കുമ്പോൾ വിസ്മരിക്കാനാകാത്ത മറ്റൊരു പേരാണ് മഞ്ജുഷ വിദ്യാധരൻ. 1942 കാലത്ത് നഗരത്തിലെ സാഹിത്യസദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന വിദ്യാധരൻ കൊല്ലം ബസ് സ്റ്റാൻഡിൽ മഞ്ജുഷ എന്ന പേരിൽ ഒരു പുസ്തകക്കട നടത്തിയിരുന്നു. അങ്ങനെയാണ് മഞ്ജുഷ വിദ്യാധരനായത്. കൊല്ലത്തെ എ ഡി കോട്ടൺമില്ലിലെ തൊഴിലാളികൂടിയായിരുന്ന വിദ്യാധരനാണ് പുറംലോകവുമായി ബഷീറിനുള്ള ബന്ധത്തിന്റെ പ്രധാന കണ്ണി. ബഷീറിനുള്ള കത്തുകൾ വിദ്യാധരന്റെ പേരിലാണ് അയച്ചിരുന്നത്. ലളിതാംബിക അന്തർജനം, പൊൻകുന്നം വർക്കി, എം പി പോൾ, പോഞ്ഞിക്കര റാഫി എന്നിവർ ഇത്തരത്തിൽ സ്ഥിരം കത്തുകൾ അയക്കുന്നവർ ആയിരുന്നു. എല്ലാദിവസവും രാവിലെ മുടങ്ങാതെ ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും ജയിലിൽ എത്തിക്കേണ്ട ചുമതലയും വിദ്യാധരനായിരുന്നു. സുപ്രധാന വാർത്തകൾ കൈമാറിയിരുന്നതും ഇദ്ദേഹമാണ്. ആഗാഖാൻ കൊട്ടാരത്തിൽ 21 ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതടക്കമുള്ള വാർത്തകൾ ബഷീർ അറിഞ്ഞത് വിദ്യാധരനിലൂടെയാണ്. ബഷീറിനെ സഹായിച്ചതിന്റെ പേരിൽ വിദ്യാധരന് ജോലി നഷ്ടമായി. ഇതോടെ അദ്ദേഹം കൊല്ലത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറുകയായിരുന്നു.










0 comments