ad
Deshabhimani

കരുനാഗപ്പള്ളി തിരിച്ചറിഞ്ഞു, വികസനമുരടിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Mar 08, 2026, 01:24 AM | 2 min read

കരുനാഗപ്പള്ളി

ഇടതുപക്ഷ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പാർടികൾക്കും ഉറച്ച അടിത്തറയുള്ള പ്രദേശം. ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത നാട്. തെരഞ്ഞെടുപ്പ് ചരിത്രങ്ങളിലും എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് കരുനാഗപ്പള്ളിക്ക്‌. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം ഇക്കുറി തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ്‌ ഇടതുപക്ഷം. മണ്ഡലം അതിർത്തികൾ ഇന്നത്തെ നിലയിലാകും മുമ്പ് 1957-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ കുഞ്ഞുകൃഷ്ണനാണ് വിജയിച്ചത്. 1960-ൽ എ കുഞ്ഞുകൃഷ്ണനെ 208 വോട്ടിന്‌ അട്ടിമറിച്ച്‌ ബേബിജോൺ വിജയിച്ചു. 1965-ൽ സ്വതന്ത്രനായ ഭാസിയെ 2294 വോട്ടിന് തോൽപ്പിച്ച് കുഞ്ഞുകൃഷ്ണൻ വിജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല. 1967-ൽ ബേബിജോൺ മണ്ഡലം തിരികെപ്പിടിച്ചു. കോൺഗ്രസിലെ കെ വി എസ് പണിക്കരെയാണ് തോൽപ്പിച്ചത്. 1970-ലും ബേബിജോൺ വിജയം തുടർന്നു. 1977-ൽ ചവറ പ്രത്യേകം മണ്ഡലമായതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി എം ഷെരീഫ് 5484 വോട്ടിന് വിജയിച്ചു. 1980-ലും ഷെരീഫ് വിജയം ആവർത്തിച്ചു.1982-ൽ ബി എം ഷെരീഫിനെ പരാജയപ്പെടുത്തി ടി വി വിജയരാഘവൻ വിജയിച്ചെങ്കിലും 1987-ൽ എൽഡിഎഫിലെ പി എസ് ശ്രീനിവാസൻ കോൺഗ്രസിലെ കെ സി രാജനെ 12,695 വോട്ടിന് പരാജയപ്പെടുത്തി. 1991-ലും പി എസ് ശ്രീനിവാസൻ വിജയം ആവർത്തിച്ചു. കോൺഗ്രസിലെ ജമീലാ ഇബ്രാഹിം ആയിരുന്നു ഇത്തവണ എതിർസ്ഥാനാർഥി. 1996-ൽ എൽഡിഎഫിലെ ഇ ചന്ദ്രശേഖരൻനായർ 16,350 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെഎസ്എസിലെ സത്ജിത്തിനെ പരാജയപ്പെടുത്തി. 2001-ൽ എൽഡിഎഫിലെ കെ സി പിള്ളയെ നേരിയ ഭൂരിപക്ഷത്തിന് ജെഎസ്എസിലെ എ എൻ രാജൻബാബു പരാജയപ്പെടുത്തിയെങ്കിലും 2006-ൽ എൽഡിഎഫിലെ സി ദിവാകരൻ മണ്ഡലം തിരികെപ്പിടിച്ചു. 12,496-വോട്ട്‌ ഭൂരിപക്ഷം. 2011-ലും സി ദിവാകരൻ വിജയം ആവർത്തിച്ചു. തുടർന്ന് മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തു. 2016-ൽ കോൺഗ്രസിലെ സി ആർ മഹേഷിനെ തോൽപ്പിച്ച് സിപിഐയിലെ ആർ രാമചന്ദ്രൻ വിജയിച്ചു. 1759 വോട്ടായിരുന്നു ഭൂരിപക്ഷം. 2021ൽ സി ആർ മഹേഷ് 29,208 വോട്ട് ഭൂരിപക്ഷത്തിന്‌ ആർ രാമചന്ദ്രനെ പരാജയപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിർത്താനായില്ല. യുഡിഎഫ്‌ സ്ഥാനാർഥി കെ സി വേണുഗോപാലിന് 57,955 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ എം ആരിഫിന് 49,030 വോട്ടാണ് ലഭിച്ചത്. ഭൂരിപക്ഷം 8925 ആയി കുറഞ്ഞു. എൻഡിഎ വോട്ട്‌ 12144ൽനിന്ന്‌ 48,839ആയി ഉയർന്നതാണ്‌ യുഡിഎഫിന് വൻതോതിൽ വോട്ട് കുറയാൻ കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യുഡിഎഫ്‌ വാങ്ങിയെന്ന്‌ വ്യക്തം. എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ട് വ്യത്യാസം 191 ആയി മാറിയതും ആശങ്ക ഉയർത്തി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിലിരുന്ന ആലപ്പാട്, തൊടിയൂർ പഞ്ചായത്തുകൾ പിടിച്ചെടുക്കാനും തഴവ നിലനിർത്താനും കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻഭൂരിപക്ഷം ഇടിഞ്ഞ് വോട്ട് അന്തരം 4637 ആയി കുറഞ്ഞു. എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ട്‌ വ്യത്യാസം 23,479 ആയി ഉയർന്നു. ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് എംഎൽഎ ആയിരുന്ന ആർ രാമചന്ദ്രൻ മണ്ഡലത്തിൽ നടപ്പാക്കിയ 1600കോടി രൂപയോളം വരുന്ന വികസന പദ്ധതികൾ അല്ലാതെ അഞ്ചുവർഷമായി പുതിയ ഒരു പദ്ധതിയും മണ്ഡലത്തിൽ നടപ്പാക്കാൻ നിലവിലെ എംഎൽഎ ശ്രമിച്ചില്ല. ആർ രാമചന്ദ്രൻ തുടങ്ങിവച്ച പദ്ധതികളും പൂർത്തിയാക്കിയില്ലെന്ന്‌ നിലവിലെ എംഎൽഎക്കെതിരെ വിമർശം ഉയർന്നിട്ടുണ്ട്‌. 69കോടി രൂപ ചെലവിട്ട്‌ താലൂക്കാശുപത്രി വികസനം പോലും പൂർത്തീകരിക്കാൻ കഴിയാത്ത വികസന മുരടിപ്പ്‌ ഇത്തവണ യുഡിഎഫിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയനിരീക്ഷകർ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home