കരുനാഗപ്പള്ളി മണ്ഡലം
വേണം ഇനിയുമേറെ വികസനം

സുരേഷ് വെട്ടുകാട്ട്
Published on Mar 29, 2026, 01:51 AM | 2 min read
കരുനാഗപ്പള്ളി
മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾ എല്ലാം വിവിധ കാലങ്ങളിലെ എൽഡിഎഫ് എംഎൽഎമാരുടെ സംഭാവനയാണ്. 10 വർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ ആദ്യ അഞ്ച് വർഷം എംഎൽഎയായിരുന്ന ആർ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടപ്പാക്കിയത് 1600കോടിയുടെ വികസന പ്രവർത്തനങ്ങളാണ്. നിലവിലെ യുഡിഎഫ് എംഎൽഎ മണ്ഡലത്തിന് ഒരു സംഭാവനയും നൽകിയില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുപോലും എംഎല്‍എയുടെ പിന്തുണയില്ല. പദ്ധതികള്‍ പലതും ഇഴയുന്നതും പുതിയ പദ്ധതികള്‍ ചോദിച്ചുവാങ്ങാത്തതുമാണ് പ്രധാന ചർച്ച. മാളിയേക്കൽ, ചിറ്റുമൂല, ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലങ്ങൾ, താലൂക്കാശുപത്രി വികസനം, കാട്ടിൽകടവ് പാലം, ഫയർ സ്റ്റേഷൻ, കൺട്രോൾ പൊലീസ് സ്റ്റേഷൻ, പോക്സോ കോടതി, ദുരിതാശ്വാസ അഭയകേന്ദ്രം, ഹാർബർ വികസനം, റോഡുകളുടെയും സ്കൂളുകളുടെയും നവീകരണം തുടങ്ങി നിരവധി വികസന മുന്നേറ്റങ്ങളാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്നത്. ഇവയുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം പ്രതിനിധി വിജയിക്കണമെന്ന മുദ്രാവാക്യമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കൂടുതൽ കാലം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. എന്നാൽ, കഴിഞ്ഞ തവണ ബിജെപി പിന്തുണയോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. വിദ്യാർഥി– യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് സിപിഐയുടെ ആദ്യത്തെ വനിതാ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വരെയായ അഡ്വ. എം എസ് താരയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി. കരുനാഗപ്പള്ളി മുൻ എംഎൽഎയും ആദ്യകാല കമ്യൂണിസ്റ്റ് പാർടി നേതാവുമായിരുന്ന ബി എം ഷെരീഫിന്റെ മകളാണ്. കേരള സര്‍വകലാശാല യൂണിയന്‍ മുൻ ഭാരവാഹി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ വൈസ് പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം, അർബൻ സഹകരണ ബാങ്ക് ചെയർപേഴ്സൺ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ കമീഷൻ അംഗം, ഇടതുപക്ഷ മഹിളാ പ്രസ്ഥാനത്തിന്റെ നേതാവ് എന്നീ നിലകളില്‍ നടത്തിയ വേറിട്ട പ്രവർത്തനങ്ങളും താരയ്ക്ക് കരുത്താകുന്നു. യൂത്ത് കോൺഗ്രസ് മുൻ നേതാവും സിറ്റിങ് എംഎൽഎയുമായ സി ആർ മഹേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുപ്പതിനായിരത്തിൽ അധികം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിറ്റു. മണ്ഡലത്തിലുള്ള മുഴുവൻ വോട്ടും സമാഹരിക്കുക എന്നതാണ് ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി. മാധ്യമ വക്താവ് വി ജിതിൻദേവാണ് എൻഡിഎ സ്ഥാനാർഥി.










0 comments