കാർഷിക വിപ്ലവത്തിൽ ബ്ലെയ്‌സിയുടെ അതിജീവനം

സ്വന്തംലേഖകൻ
Published on Apr 30, 2026, 01:12 AM | 1 min read
കൊല്ലം
അതിജീവനപാതയിൽ മണ്ണിനെയും കൃഷിയെയും ചേർത്ത് പുതുലോകം സൃഷ്ടിച്ച വനിതാ കർഷക. മൂന്നുതവണ അർബുദത്തെ അതിജീവിച്ച ദളവാപുരം അമ്പിളിമുക്കിലെ ‘ദ ഫാം സ്റ്റോറി’യുടെ ഉടമയും മംഗോ ഫെസ്റ്റ് സംഘാടകയുമായ ബ്ലെയ്‌സി ജോർജാണ് കർഷകർക്ക് പ്രചോദനമാകുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ബ്ലെയ്‌സി 2001-ലാണ് മുഴുവൻ സമയ കർഷകയായത്. ജന്മനാടായ ചവറ തെക്കുംഭാഗത്ത് നാലര ഏക്കറിൽ കാർഷികസംരംഭം തുടങ്ങി. തെങ്ങ് പ്രധാനവിളയായിരുന്നെങ്കിലും ജാതി, കുരുമുളക്, വിവിധ ഫലവൃക്ഷങ്ങൾ, ഡയറിഫാം, കാർഷിക നഴ്സറി, കോഴിഫാം തുടങ്ങി പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 2011ൽ പാലക്കാട് 25 ഏക്കറിൽ കാർഷികലോകം സൃഷ്ടിച്ചു. മാവ്, തെങ്ങ്, വാഴ, ഫലവൃക്ഷങ്ങൾ, ഡയറി എന്നിവയുമായി ഫാം വളർന്നു. സ്വന്തം ഫാമിൽനിന്നുള്ള കാർഷിക വിഭവങ്ങളും മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാൻ ‘ദ ഫാം സ്റ്റോറി ’ എന്ന ബ്രാൻഡും ആരംഭിച്ചു. ഇന്ന് മാവിൻ ഗ്രാഫ്റ്റ്, അലങ്കാരച്ചെടി, ഉയർന്ന ഉൽപ്പാദന ശേഷിയുള്ള ഫലവൃക്ഷത്തൈ, കവുങ്ങിൻ തൈ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡിലൂടെ ജനങ്ങളിലെത്തുന്നു. പാലക്കാടുള്ള ഫാമിൽ 25 മാവിനങ്ങളുണ്ട്. മാമ്പഴങ്ങൾ നേരിട്ടും കൊറിയർ വഴിയും ഉപഭോക്താക്കളിലെത്തിക്കുന്നുണ്ട്. മൂന്നുതവണ അർബുദത്തെ പോരാടി ജയിച്ചാണ് ബ്ലെയ്‌സി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കൃഷിയിലുള്ള മികവിന് 2022-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച വനിതാ കർഷകയ്ക്കുള്ള ‘കർഷകതിലകം’ പുരസ്‌കാരം നേടി. കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് അഡ്വൈസറി കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു. കൊല്ലത്തിന്റെ പ്രത്യേക ആകർഷണമായി മാറിയ മംഗോ ഫെസ്റ്റും ബ്ലെയ്‌സിയുടെ സ്വപ്നത്തുടർച്ചയാണ്. 25ന് ആരംഭിച്ച ഫെസ്റ്റിൽ ഏദൻസ് ഫാമിൽ ഉൽപ്പാദിപ്പിച്ച എഴുപതിലധികം മാമ്പഴ ഇനങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. നൂറോളം മാമ്പഴ ഇനങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. വിവിധ മാവിൻ തൈ, മറ്റ് പഴച്ചെടി, പച്ചക്കറി വിത്ത്, ഫാം ഉൽപ്പന്നങ്ങൾ എന്നിവയും ഫെസ്റ്റിൽ ലഭ്യമാണ്. പ്രവാസിയായ ഭർത്താവ് ജോർജ് ജോസഫും മൂന്നുമക്കളും ഉൾപ്പെടുന്നതാണ് ബ്ലെയ്‌സിയുടെ കുടുംബം.










0 comments