തെന്മല പതിമൂന്ന് കണ്ണറ പാലം
ദൃശ്യവിരുന്നൊരുക്കാൻ വ്യൂ ടവർ വേണം

രാജേഷ് ജാൻവി
Published on Jun 11, 2026, 12:30 AM | 1 min read
പുനലൂർ
തെന്മല പതിമൂന്ന് കണ്ണറ പാലവും സമീപ മലയോര പ്രദേശത്തിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാൻ വ്യൂ ടവർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയോട് ചേർന്ന് കഴുതുരുട്ടി ആറിന്റെ തീരത്ത് കണ്ണറ പാലത്തിന്റെ അതേ ഉയരത്തിൽ വ്യൂ ടവർ സ്ഥാപിക്കുകയാണെങ്കിൽ കിഴക്കൻ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് പുത്തന്‍ ദൃശ്യാനുഭവമായിരിക്കും. കണ്ണറ പാലത്തിലൂടെയുള്ള ട്രെയിൻ യാത്രയുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ നിരവധി പേർ എത്തുന്ന ഒരിടമാണിത്. നിലവില്‍ റെയിൽവേ പാലത്തിലേക്ക് കയറാതിരിക്കാൻ വേലി കെട്ടി വഴി അടച്ചിരിക്കുകയാണ്. ദേശീയപാതയിൽനിന്ന് നോക്കിയാൽ പോലും പതിമൂന്ന് കണ്ണറപ്പാലം പൂർണമായും കാണാൻ കഴിയില്ല. പാതയോട് ചേർന്ന് കഴുതുരുട്ടി ആറിന്റെ വശത്ത് വളർന്നുനിൽക്കുന്ന പാഴ് മരങ്ങളാണ് ദൃശ്യഭംഗിക്ക് തടസ്സം. ഇവ നീക്കം ചെയ്യണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം. ടേക്ക് എ ബ്രേക്ക് വേണം കണ്ണറ പാലത്തിന്റെ അടിവശത്ത് വാഹനപാർക്കിങ്ങിന് സൗകര്യം ഉണ്ടെങ്കിലും വിനോദസഞ്ചാരികൾക്ക് അത്യാവശ്യമായ കംഫർട്ട് സ്റ്റേഷനുകളുടെ അഭാവം വലിയ ബുദ്ധിമുട്ടാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഇടമില്ലാതെ വിഷമിക്കുന്നു. ഇവിടെയൊരു 'ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഒരുക്കിയാല്‍ സൗകര്യമാകും. വികസന സാധ്യതകൾ കണ്ണറ പാലത്തോട് ചേർന്ന് വലിയ ഒരു വളവുണ്ട് . വളവ് നിവർത്തി റോഡ് നിർമിക്കുകയാണെങ്കിൽ വ്യൂ ടവര്‍ ഒരുക്കാൻ ധാരാളം സ്ഥലം ലഭിക്കും മനോഹരമായ പൂന്തോട്ടവും കോൺക്രീറ്റ് കസേരകളും ഇവിടെ ക്രമീകരിക്കാം. ഒപ്പം റെയിൽവേയുടെയും കണ്ണറ പാലങ്ങളുടെയും ചരിത്രം പറയുന്ന ആർട്ട് ഗ്യാലറിയും ഒരുക്കാം. റെയിൽവേ , ടൂറിസം, ദേശീയപാത വകുപ്പുകൾ ചേര്‍ന്ന് പദ്ധതികൾ ആസൂത്രണം ചെയ്താൽ വേഗം കൂടും. കണ്ണറ പാലത്തിൽ അടുത്ത് ദേശീയപാതയുടെ വശത്ത് സംരക്ഷണഭിത്തി നിർമിക്കുകയാണെങ്കിൽ വാഹനപാർക്കിങ്ങിന് കൂടുതല്‍ സ്ഥലം ലഭിക്കും.











0 comments