നീലാകാശം സാക്ഷി, അസാധ്യ മടങ്ങിവരവ്

സനു കുമ്മിൾ
Published on Jun 02, 2026, 01:51 AM | 1 min read
കടയ്ക്കൽ
പ്രിയ കൂട്ടുകാരിയുടെ തിരിച്ചുവരവിന്റെ സന്തോഷവും വികാരനിർഭര നിമിഷങ്ങളും സാക്ഷിയാക്കി സ്നേഹത്തിന്റെ പുതുവെളിച്ചത്തിൽ വയലാ എൻവിയുപി സ്കൂളിൽ പുതിയ അധ്യയന വർഷം തുടങ്ങി. അപകടത്തിന്റെ ഹൃദയം നുറുങ്ങുന്ന വേദനകളിൽനിന്ന് വീൽചെയറിലും ആത്മവിശ്വാസത്തിലായിരുന്നു പാർവതി. കൂട്ടുകാരെ നേരിൽ കണ്ടപ്പോൾ കണ്ണീർപ്പാടത്ത് പുഞ്ചിരി പൂത്തു. വട്ടം കൂടി വിശേഷങ്ങൾ പങ്കിട്ടും പാട്ടുപാടിയും മധുരം പകർന്നും അവർ ആദ്യദിനം അവിസ്മരണീയമാക്കി. കഴിഞ്ഞ വർഷം നാലാംക്ലാസിൽ പഠിക്കവെ ജൂലൈ 31-ന് തിരുവനന്തപുരം ദന്താശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ കാറപകടമാണ് പാർവതിയുടെ ജീവിതം ദുരിതത്തിലാക്കിയത്. ദുരന്തത്തിൽ പാർവതിക്ക് അച്ഛനെ നഷ്ടമായി. അമ്മയ്ക്കും പാർവതിക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാർവതിയുടെ ചലനശേഷിക്ക് ഭാഗിക പ്രയാസങ്ങളുണ്ടായി. എന്നാൽ, ശാരീരിക പരിമിതികളിൽ തളർന്നുപോകുമായിരുന്ന കൊച്ചുമിടുക്കിക്ക് കരുത്തായത് അധ്യാപകരും കൂട്ടുകാരുമാണ്. നിരന്തരമായ ഫോൺവിളികളിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് അവർ പാർവതിയെ അതിജീവനത്തിലേക്ക് കൈപിടിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലെയും തുടർന്ന് പൂജപ്പുര ഗവ. ആയുർവേദ ആശുപത്രിയിലെയും ദീർഘനാളത്തെ ചികിത്സകൾക്കുശേഷം ശനിയാഴ്‌ച വീട്ടിൽ തിരിച്ചെത്തി. വീട്ടിലെത്തിയത് മുതൽ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കണമെന്നതായിരുന്നു പാർവതിയുടെ വലിയ ആഗ്രഹം. ആ ആഗ്രഹം സഫലീകരിച്ച് ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം വീൽചെയറിൽ വിദ്യാലയ മുറ്റത്തേക്ക് എത്തിയ കൂട്ടുകാരിയെക്കണ്ട സഹപാഠികളുടെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു. സ്നേഹോപഹാരങ്ങൾ നൽകി അധ്യാപകരും സുഹൃത്തുക്കളും പാർവതിയെ വരവേറ്റു. പാർവതിയുടെ തുടർപഠനം സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്. അവൾക്കായി പ്രത്യേക ശുചിമുറിയും വീൽച്ചെയർ എത്തിക്കാവുന്ന രീതിയിൽ ക്ലാസ് മുറികളും ക്രമീകരിച്ചു. പുതിയ പോരാട്ടത്തിൽ പാർവതിക്ക് പൂർണ പിന്തുണയുമായി അമ്മ സിജിയും അനുജത്തി ലക്ഷ്മിയും ഒപ്പമുണ്ട്. പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് അറിവിന്റെ പുതുലോകങ്ങൾ കീഴടക്കാനുള്ള വലിയ സ്വപ്നങ്ങളിലാണ് ഈ കൊച്ചുമിടുക്കി.











0 comments