ജില്ല വീണ്ടും പനിക്കിടക്കയിൽ
8ദിവസത്തിനിടെ ചികിത്സ തേടിയത് 2624 പേർ

കൊല്ലം
ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു. കഴിഞ്ഞ എട്ടുദിവസത്തിനിടെ 2624പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല എന്നിവയും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, വൈറൽപനി ബാധിതരാണ് ഇതിലേറെയും. മഴക്കാലമായതോടെ പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്തതാണ് പനിബാധിതരുടെ എണ്ണം ഉയരാൻ കാരണമായത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച 56പേരും രോഗലക്ഷണങ്ങളോടെ 70പേരും ചികിത്സയിലും നിരീക്ഷണത്തിലുമുണ്ട്. ചിതറ, കിളികൊല്ലൂർ, കുളക്കട, ഓച്ചിറ, പാരിപ്പള്ളി, വാടി, ആദിച്ചനല്ലൂർ, തൃക്കടവൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ശക്തികുളങ്ങര, മുണ്ടയ്ക്കൽ, ചവറ, ചടയമംഗലം എന്നിവിടങ്ങളിലും നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. നെടുമൺകാവിൽ ഒരാൾക്ക് എലിപ്പനിയും തലവൂരിൽ ഒരാൾക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു. നിലമേൽ, വള്ളിക്കാവ്, മയ്യനാട് എന്നിവിടങ്ങളിലും നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വയറിളക്കരോഗങ്ങൾ ബാധിച്ച് 320പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് എട്ടുപേരും ചിക്കൻപോക്സ് ബാധിച്ച് ഒന്പതുപേരും ചികിത്സ തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃത്യമായ മുൻകരുതൽ സ്വീകരിച്ചതിനാൽ പനിബാധിതരുടെ എണ്ണം കുറവായിരുന്നു. എന്നാൽ, ഇപ്പോൾ പല ആശുപത്രികളിലും പനിബാധിതരുടെ ഒഴുക്കാണ്. പലയിടത്തും മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വേണം. കർഷകരും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.







0 comments