ജില്ലാ ആശുപത്രിയിലെ തർക്കം
ഒടുവിൽ പോസ്റ്റ്‌മോർട്ടം നടത്തി; മൃതദേഹം ജീർണിച്ചിരുന്നില്ലെന്ന് അധികൃതർ


സ്വന്തം ലേഖകൻ
Published on Nov 04, 2026, 12:36 AM | 1 min read
കൊല്ലം
വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം ജില്ലാആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാൻ വൈകിയതിലുണ്ടായ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ചൊവ്വാഴ്ച മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നില്ലെന്നും ശരീരത്തിലുണ്ടായിരുന്ന വ്രണത്തിൽനിന്നുള്ള ദുർഗന്ധമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കൾ രാവിലെയാണ് കൊല്ലം പട്ടത്താനം നഗർ ജെയ് കോട്ടേജിൽ തനിച്ച് താമസിക്കുന്ന കെ വി മാത്യു (67)വിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീർണിച്ചുതുടങ്ങിയ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള സൗകര്യം ആശുപത്രിയിലില്ലെന്ന് പൊലീസ് സർജൻ അറിയിക്കുകയായിരുന്നു. സിടി സ്കാനിങ് കേന്ദ്രവും പബ്ലിക് ഹെൽത്ത് ലാബും മോർച്ചറിക്ക് സമീപമായതിനാൽ ദുർഗന്ധം രോഗികൾക്ക് ബുദ്ധിമുട്ടാക്കുമെന്നും അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്താറുള്ളത്. എന്നാൽ, ഇതേച്ചൊല്ലി തിങ്കളാഴ്ച ബന്ധുക്കളും നാട്ടുകാരും ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധം ഉയർത്തുകയും രണ്ടു മണിക്കൂറോളം മൃതദേഹവുമായി ആംബുലൻസ് അവിടെ കിടക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ വൈകിയതും പ്രതിസന്ധി കൂട്ടി. ഇതിനിടെ സ്വകാര്യ സന്ദർശനത്തിനെത്തിയ കലക്ടറുടെ ഇടപെടലിനെത്തുടർന്ന് മൃതദേഹം താൽക്കാലികമായി സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സർജൻ നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം ജീർണിച്ചതല്ലെന്നും ശരീരത്തിലെ വ്രണങ്ങളിൽനിന്നാണ് ദുർഗന്ധം വമിച്ചതെന്നും സ്ഥിരീകരിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയിൽതന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട്. മാത്യുവിന്റെ ഭാര്യ ജയ്‌മോൾ മുംബൈയിലും മക്കളായ പിനു, വിനു എന്നിവർ യുകെയിലുമാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച ഓട്ടോ ഡ്രൈവർ തഴുത്തല പുഞ്ചിരിച്ചിറ ഉന്നതിയിലുള്ള ശിവദാസൻപിള്ളയുടെ മൃതദേഹവും പോസ്റ്റ്മോർട്ടം നടത്തി. സംഘർഷത്തെ തുടർന്ന് മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്യാതെ മാറ്റി വച്ചിരുന്നു. ഉച്ചയ്ക്ക് മരിച്ച ശിവദാസൻപിള്ളയുടെ മൃതദേഹം മോറച്ചറിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ജീവനക്കാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് പഞ്ചായത്ത് അംഗം ഇടപെട്ടാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ഭാര്യ: ഗീത, മകൾ: ലക്ഷ്‍മി.









0 comments