ad
Deshabhimani

പോഷകാഹാരമില്ലാതെ ആദിവാസി ഗർഭിണികളും കുഞ്ഞുങ്ങളും

‘ജനനി ജന്മരക്ഷാ’ പദ്ധതിയും മുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 05, 2026, 12:49 AM | 1 min read



കൊല്ലം

ഭക്ഷ്യധാന്യ കിറ്റിനു പുറമെ ‘ജനനി ജന്മരക്ഷാ’ പദ്ധതിയും മുടങ്ങിയതോടെ ജില്ലയിൽ പോഷകാഹാരമില്ലാതെ ആദിവാസി ഗർഭിണികളും കുഞ്ഞുങ്ങളും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായവും പോഷകാഹാരവും ഉറപ്പാക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ്‌ യുഡിഎഫ്‌ സർക്കാർ അനാസ്ഥയിൽ മുടങ്ങിയത്‌. ഗർഭാവസ്ഥയുടെ മൂന്നാംമാസം മുതൽ കുട്ടിക്ക് ഒരു വയസ്സാകുന്നത് വരെയുള്ള 18 മാസം പ്രതിമാസം 2000രൂപ വീതം ആകെ 36,000 രൂപ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് മുടങ്ങിയത്. ഇതിന്റെ ബാക്കിപത്രമാണ് അച്ചൻകോവിലിൽ ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ ഇടയാക്കിയത്‌. തൂക്കക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക്‌ മുലപ്പാൽ നൽകാൻ കഴിയാത്തതിനെത്തുടർന്ന്‌ അമ്മ തിളപ്പിച്ചാറ്റിയ വെള്ളം നൽകിവന്ന സംഭവം വിവാദമായിരുന്നു. യുഡിഎഫ്‌ സർക്കാർ വന്നശേഷം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം മാറിയിട്ടും തുക ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാഞ്ഞതാണ്‌ പ്രതിസന്ധിക്ക്‌ ഇടയാക്കിയത്‌. പട്ടികവർഗ വികസനവകുപ്പ്‌ വഴിയായിരുന്നു തുക വിതരണം. അച്ചൻകോവിൽ നിവാസികളായ അഞ്ജുവിന്റെയും സുനിലിന്റെയും കുഞ്ഞുങ്ങളാണ്‌ പൂർണ വളർച്ച എത്താതെ ജനിച്ചത്‌. ഏപ്രിൽ ആദ്യം പുനലൂർ താലൂക്കാശുപത്രിയിൽനിന്ന്‌ അഞ്ജുവിനെ വിദഗ്‌ധ ചികിത്സയ്‌ക്കായാണ്‌ തിരുവനന്തപുരം എസ്‌എടിയിൽ പ്രവേശിപ്പിച്ചത്‌. മാസം തികയും മുന്പേയുള്ള പ്രസവത്തിൽ കുഞ്ഞുങ്ങൾക്ക്‌ തൂക്കക്കുറവ്‌ രേഖപ്പെടുത്തി. പൂർണ വളർച്ച എത്താതെ ജനിച്ച കുഞ്ഞുങ്ങൾ മൂന്നാഴ്ചയോളം ശിശുരോഗ വിഭാഗത്തിലെ ഐസിയുവിലായിരുന്നു. ഇവർക്ക്‌ വകുപ്പ്‌ വഴി നൽകിയിരുന്ന ഗർഭിണികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും ലഭിച്ചിരുന്നില്ല. അരി, വെളിച്ചെണ്ണ, പയർ, കടല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തേയില, പഞ്ചസാര ഉൾപ്പെടെ എട്ടുകിലോ ഉൽപ്പന്നങ്ങൾ അടങ്ങുന്നതാണ്‌ ഭക്ഷ്യധാന്യ കിറ്റ്‌. ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള അനുമതി വൈകിയതുമൂലം ഇ‍ൗ നടപടിക്കും കാലതാമസമുണ്ടായി. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home