അസാധ്യ കാഴ്‌ചയാകും... രവിയുടെ ചിന്തകളും മിത്തുകളും

ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്ന്
സുരേഷ് വെട്ടുകാട്ട്
Published on Dec 21, 2025, 12:20 AM | 2 min read
കരുനാഗപ്പള്ളി
ഖസാക്ക് എന്ന ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരൻ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അച്ഛന്റെ ഓർമകളും ഖസാക്കിലെ കരിമ്പനക്കാടുകളും അപ്പുക്കിളിയും ഷെയ്ഖ് മിയാൻ തങ്ങളും മുടന്തൻ പാണ്ടൻ കുതിരയുമൊക്കെ മലയാളിയുടെ യൗവ്വനത്തിന്റെ ഭാഗമായിരുന്നു. നാടകപ്രതിഭ ദീപന്‍ ശിവരാമൻ പാരമ്പര്യ സ്റ്റേജ് സങ്കൽപ്പങ്ങളെത്തന്നെ മാറ്റിയെഴുതി, ഒരു സർക്കസ് കൂടാരം പോലെ നാലുപുറവും ഗ്യാലറികൾ തീർത്ത് അതിന്റെ നടുവിലെ തുറന്നസ്ഥലം സ്റ്റേജ് ദൃശ്യവിസ്മയമാക്കി വെയിലും മഞ്ഞും മഴയും തീയും ഒക്കെ പുനഃസൃഷ്ടിക്കുന്നു. ഇത് ഒരു നാടകം എന്ന വിളിപ്പേരിൽ ഒതുങ്ങുന്നതല്ല. അപൂർവ കലാപ്രകടനം പുതുതലമുറയ്‌ക്കുംകൂടി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഗ്രാവിറ്റി കൾച്ചറൽ തിയറ്റർ നിർവഹിക്കുന്നത്. മുപ്പതുലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന നാടകാവതരണം തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഒരു ദിവസം 1000പേർക്ക് പ്രവേശനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ബോയ്സ് ഹൈസ്കൂൾ അങ്കണത്തിലെ 12,000 ചതുരശ്രഅടി വിസ്തീർണമുള്ള വേദിയിലാണ് നാടകാവതരണം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു പഠനം പൂർത്തിയാക്കി, ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽനിന്ന് നാടകത്തിൽ ബിരുദാനന്തര ബിരുദം നേടി അവിടെ അധ്യാപകനായ ദീപന് ലോകനാടകത്തിലെ മാറ്റങ്ങൾ സുപരിചിതമാണ്. ആ മാറ്റങ്ങൾകൂടി ഉൾച്ചേർത്ത് മലയാള നാടക ചരിത്രത്തിൽ ആദ്യമായി വേറിട്ടകാഴ്ചയാക്കി നാടകത്തെ മാറ്റിയിട്ടുണ്ട്. നാലുമാസമായി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഒ എൻ വിയുടെ നമ്പ്യാടിക്കൽ തറവാട്ടിൽ ആരംഭിച്ച അനുബന്ധ പരിപാടികൾ മാവേലിക്കര കാമ്പിശ്ശേരിയുടെ സ്മാരക മന്ദിരത്തിലാണ് സമാപിച്ചത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സുനിൽ പി ഇളയിടം, അൻവർ അലി, ആലങ്കോട് ലീലാകൃഷ്ണൻ, പ്രേംകുമാർ, പ്രമോദ് പയ്യന്നൂർ തുടങ്ങിയ സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ വിവിധ അനുബന്ധ പരിപാടികളിൽ പങ്കെടുത്തു. ഫോൺ: +91 9447591614, +91 94969 81341. വെബ്‌സൈറ്റ് : www.gravitytheatre.org
"ഖസാക്കിന്റെ ഇതിഹാസം ’ നാടകം 27 മുതൽ
കൊല്ലം
ഗ്രാവിറ്റി കൾച്ചറൽ തിയറ്ററിന്റെ നേതൃത്വത്തിൽ സാഹിത്യകാരൻ ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ ആധാരമാക്കി നാടക പ്രവർത്തകൻ ദീപൻ ശിവരാമൻ ഒരുക്കിയ അത്യപൂർവ ദൃശ്യാവിഷ്കാരം ‘ഖസാക്കിന്റെ ഇതിഹാസം’ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തമായ പെർഫോമിങ് ആർട്ടുകളും വേറിട്ട കലാസാംസ്കാരിക പ്രകടനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി ഗ്രാവിറ്റി കൾച്ചറൽ തിയറ്ററിന്റെ ആദ്യ പരിപാടിയായാണ് നാടകാവതരണം. തൃക്കരിപ്പൂർ കെഎംകെ കലാസമിതിയിലെ 70 കലാകാരന്മാരാണ് നാടകത്തിനുപിന്നിൽ പ്രവർത്തിക്കുന്നത്. 100 കഥാപാത്രങ്ങളുള്ള നാടകം കരുനാഗപ്പള്ളി ബോയ്‌സ് എച്ച്‌എസ്‌എസ് ഗ്രൗണ്ടിലെ 11000ചതുരശ്ര അടി വിസ്‌തീർണമുള്ള ഗ്യാലറിയിലാണ് അവതരിപ്പിക്കുന്നത്. 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഗ്രാവിറ്റി സെക്രട്ടറി വി വിമൽ റോയ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ എസ് റസീന, വി പി ജയപ്രകാശ് മേനോൻ, എ സജീവ്, സജീവ് മാമ്പറ എന്നിവർ പങ്കെടുത്തു.










0 comments