പാചകവാതക ക്ഷാമം, വിലവർധന
ഹോട്ടൽ മേഖല സ്‌തംഭിക്കുന്നു

കൊല്ലം
പാചകവാതക ക്ഷാമം, വിലവർധന എന്നിവയ്‌ക്കു പിന്നാലെ പ്രതിസന്ധിയിലായ ജില്ലയിലെ ഹോട്ടൽ മേഖല പൂർണമായും സ്‌തംഭനാവസ്ഥയിലേക്ക്. ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിൽ പെട്രോൾ, ഡീസൽ വില കൂടി കൂട്ടിയാൽ അടച്ചുപൂട്ടാനേ മാർഗമുള്ളൂ എന്ന് ഹോട്ടൽ ഉടമകൾ. ആദ്യഘട്ടം ചായയ്‌ക്കുമാത്രമാണ് വിലകൂട്ടിയത്. ചായക്ക് കുറഞ്ഞത് 12 രൂപയായി. ഇപ്പോൾ എല്ലാ ഇനങ്ങൾക്കും കുറഞ്ഞത് 20മുതൽ 30ശതമാനം വരെ വില വർധിപ്പിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ഒറ്റയടിക്ക് 1200രൂപയാണ് വാണിജ്യവാശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വർധിച്ചത്. 60ശതമാനമാണ് വർധന. ഇത് താങ്ങാനാകാതെ നിലവിൽ 40ശതമാനം ഹോട്ടലുകളും പൂട്ടിയതായി കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ ഷാജഹാനും ഹോട്ടൽ വ്യവസായി ജി പത്മാകരനും പറഞ്ഞു. വിഭവങ്ങൾക്കനുസരിച്ച് വില വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാചകവാതക ക്ഷാമം രൂക്ഷമായപ്പോൾത്തന്നെ പല സ്ഥാപനങ്ങളും പൂട്ടുകയും വിഭവങ്ങൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. ഇവയിൽ കൂടുതലും ദിവസവും രണ്ടുമുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിച്ച സ്ഥാപനങ്ങളായിരുന്നു. പിടിച്ചുനിൽക്കാൻ ചിലർ വിറക് അടുപ്പിലേക്ക് മാറിയെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ സഹകരിക്കാൻ തയ്യാറാകാത്ത അവസ്ഥയുമുണ്ട്. മാത്രമല്ല, ഇത്തരം അടുപ്പുകൾ എല്ലാ കെട്ടിടങ്ങളിലും ക്രമീകരിക്കാനും കഴിയില്ല. നിലവിൽ തെരഞ്ഞെടുപ്പിനായി നാട്ടിലേക്കു മടങ്ങിയ തൊഴിലാളികൾ തിരിച്ചെത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉൗണില്ല, മടങ്ങിയെത്തി ഓട്ടടയും ജില്ലയിലെ മിക്ക ഹോട്ടലുകൾക്കു മുന്നിലും ഒരു ബോർഡുണ്ട്. അത് ഉൗണില്ലാ ബോർഡാണ്. പാചകവാതക ക്ഷാമം നേരിട്ടതിനു തൊട്ടുപിന്നാലെ തന്നെ മിക്ക ഹോട്ടലുകാരും ഉൗണ് ഒഴിവാക്കിയിരുന്നു. സമൂഹത്തോടുള്ള കടപ്പാടിനാൽ പലരും തുടരുന്നുണ്ടെങ്കിലും വിഭവങ്ങൾ വെട്ടിക്കുറച്ചു. എന്നാൽ, ഇപ്പോൾ അതും നൽകാനാകാത്ത അവസ്ഥയാണ്. ഒന്നിച്ച് പാചകം ചെയ്യാൻ കഴിയുന്ന വിഭവങ്ങളാണ് ഇപ്പോൾ കൂടുതൽ പേരും ചെയ്യുന്നത്. ചിക്കൻ വിഭവങ്ങളിൽ പലതും ഓർമായി. മലബാറി ചിക്കൻ, ചില്ലിചിക്കൻ തുടങ്ങിയ ഇനങ്ങൾ ഇല്ല. അതിനിടെ സ്‌നാക്‌സ് ഐറ്റത്തിൽ ഇടംപിടിച്ചു നാടൻ വിഭവങ്ങൾ. ഒരുമിച്ച് പുഴങ്ങിയെടുക്കാവുന്ന തിരളി, ഇലയപ്പം, ഓട്ടട തുടങ്ങി പഴയകാല വിഭവങ്ങളാണ് ഇപ്പോൾ ബേക്കറികളിൽ ഉൾപ്പെടെ സ്‌നാക്‌സ് ഐറ്റമായി നൽകുന്നത്. വീണ്ടും സമരത്തിന് പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് നടത്തിയതിനു പിന്നാലെ സമരരംഗത്ത് ഉറച്ചുനിൽക്കാൻ ഹോട്ടൽ ഉടമകൾ. പാർലമെന്റ് മാർച്ച് അടക്കം നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.










0 comments