ad
Deshabhimani

ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം

ഭരണാനുകൂല രാഷ്ട്രീയസേവയിൽ ഡിഎംഒ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 02, 2026, 12:44 AM | 2 min read

കൊല്ലം

ജില്ലയിൽ ആരോഗ്യവകുപ്പിൽ നടക്കുന്നത്‌ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം. എൻജിഒ അസോസിയേഷന്റെ പട്ടികയും ആരോഗ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന രാഷ്ട്രീയ നിർദേശവും കണക്കിലെടുത്ത്‌ ഡിഎംഒ ജീവനക്കാരെ തലങ്ങുംവിലങ്ങും ഓടിക്കുകയാണ്‌. വകുപ്പിൽ ഉന്നതസ്ഥാനം ലക്ഷ്യമിട്ടാണ്‌ ഡിഎംഒയുടെ ഭരണാനുകൂല രാഷ്ട്രീയസേവ എന്നും ആക്ഷേപമുണ്ട്‌. എൻജിഒ യൂണിയന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വരെ സ്ഥലംമാറ്റം നടത്തിയിട്ടുണ്ട്‌. ക്ലർക്ക് തസ്തികയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 44ജീവനക്കാരെ 60– -65 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് അപേക്ഷ പോലും ഇല്ലാതെ മാറ്റി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ 23പേരെയും സ്ഥലംമാറ്റി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അപേക്ഷ കൂടാതെ സ്ഥലംമാറ്റാൻ പാടില്ലെന്ന സർക്കാർ ഉത്തരവുകളും കോടതി ഉത്തരവുകളും നിലനിൽക്കെയാണിത്‌. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ സംരക്ഷകനായ അവിവാഹിതനായ ഏക മകനെ 60 കിലോമീറ്ററിലധികം ദൂരത്തേക്കാണ് സ്ഥലംമാറ്റിയത്. താഴ്ന്ന വരുമാനക്കാരായ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ നിരവധി ജീവനക്കാരെയും ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഹൃദ്രോഗിയും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലുമുള്ള ജീവനക്കാരനെ ജില്ലാ ആശുപത്രിയിൽനിന്നു പുനലൂർ താലൂക്കാശുപത്രിയിലേക്കാണ് മാറ്റിയത്. രോഗീപരിചരണ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ കൂട്ടായ സ്ഥലംമാറ്റം വകുപ്പിന്റെ താളംതന്നെ തെറ്റിക്കുന്നതായി സ്ഥാപനമേധാവികൾ ജില്ലാ മെഡിക്കൽ ഓഫീസറോട് നേരിട്ട് പരാതി ഉന്നയിച്ചു. ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർ അടക്കമുള്ള ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. നഴ്സിങ് ഓഫീസർ തസ്തികയിലെ 120 ജീവനക്കാരെയും വിവിധ ഭാഗങ്ങളിലേക്ക് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റി. ആറുമാസം പോലും പൂർത്തിയാകാത്ത ജീവനക്കാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽനിന്ന്‌ ആര്യങ്കാവിലേക്കും പാലത്തറയിലെ ജീവനക്കാരിയെ പത്തനാപുരത്തേക്കും മാറ്റി. ചടയമംഗലത്തും കടയ്‌ക്കലും പുനലൂരും ജോലിചെയ്യുന്ന ജീവനക്കാരെ ജില്ലാ ആശുപത്രിയിലേക്കാണ്‌ മാറ്റിയിട്ടുള്ളത്‌. ജില്ലാ ആശുപത്രിയിലും കരുനാഗപ്പള്ളിയിലും മറ്റും ജോലിചെയ്യുന്ന ജീവനക്കാരെ വിദൂരങ്ങളിലേക്ക്‌ സ്ഥലംമാറ്റുന്ന ക്രൂര വിനോദമാണ് ആരോഗ്യവകുപ്പിൽ നടക്കുന്നത്. ഇതിനെല്ലാം ഡിഎംഒ ഒത്താശ ചെയ്യുന്നു എന്ന്‌ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബി സുജിത്‌, സെക്രട്ടറി വി ആർ അജു എന്നിവർ പറഞ്ഞു. ​കോടതിയെ സമീപിച്ചത്‌ 30ജീവനക്കാർ ആരോഗ്യമേഖലയിൽ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തനം ഏറ്റെടുക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ 20ജീവനക്കാരെയാണ് ഒറ്റ ഉത്തരവിലൂടെ സ്ഥലംമാറ്റിയത്‌. കരുനാഗപ്പള്ളി സ്വദേശിയായ ഗുരുതര രോഗത്തിന് ചികിത്സയിലിരിക്കുന്ന വ്യക്തിയെ കുളത്തൂപ്പുഴയിലേക്കാണ് മാറ്റിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ 65ജീവനക്കാരെ ആദ്യം ഒരു ഉത്തരവിലൂടെ ഒറ്റയടിക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിലെ അപാകത പരിഹരിക്കാനെന്ന പേരിലാണ്‌ 20പേരെക്കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കിയത്‌. അപ്പീൽ അപേക്ഷകൾ പോലും പരിഗണിച്ചില്ല. ഉത്തരവിൽ ഉൾപ്പെട്ടിട്ടില്ലാത്ത തൊടിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയെ ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ട് വിളിച്ച് വിടുതൽ ചെയ്യിച്ചതായും പരാതിയുണ്ട്‌. മാനദണ്ഡവിരുദ്ധ ഉത്തരവുകൾക്കെതിരെ 30ൽ അധികം ആരോഗ്യ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. അനുകൂല ഉത്തരവുമായി എത്തുന്നവരോട്‌ കോടതി ഉത്തരവ് നടപ്പാക്കാൻ പറ്റില്ലെന്ന്‌ ഡിഎംഒ പറഞ്ഞതായും പരാതിയുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home