ദേശീയപാത നിര്‍മാണം
അധികൃതർക്ക് അലംഭാവം; പൊലിഞ്ഞത് കുരുന്നുജീവൻ

കൊല്ലം
ദേശീയപാത 66ലെ പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡും ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായ ഗതാഗതക്കുരുക്കും യാത്രക്കാരെ ദുരിതത്തിലാക്കിയിട്ട് നാളേറെയായി. അശാസ്‌ത്രീയ റോഡ് നിർമാണത്തിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നടപടിയുടെയും ഇരയാണ് ശനിയാഴ്‌ച കല്ലുംതാഴത്ത് ജീവൻപൊലിഞ്ഞ കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥി സൽമാനുൽ ഫാരിസി (14). കല്ലുംതാഴത്ത് റെയിൽവേ മേൽപ്പാലം നിർമാണത്തിനായി കല്ലുംതാഴം –അയത്തിൽ റോഡ് അടച്ചിട്ടിരിക്കുന്നതു മൂലം ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്കും യാത്രക്കാരും പ്രദേശവാസികളും നേരിടുന്ന ദുരിതവും നിരന്തരം മാധ്യമവാർത്തയും പരാതിയുമാണ്. ഇൗ പ്രശ്‌നത്തിന് കരാർകന്പനിയും എൻഎച്ച്‌എഐയും കലക്‌ടറും പ്രയോഗിക നടപടി സ്വീകരിച്ചിരുന്നെങ്കിൽ ടൂവീലറിൽ സഞ്ചരിച്ച ഒരു കുഞ്ഞിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരു സുരക്ഷാനടപടിയും ഇല്ല. വലിയ വാഹനങ്ങളുടെ ഇടയിൽപ്പെട്ട് ചെറിയ വാഹനങ്ങൾ ഞെരുങ്ങുകയാണ്. ടൂവിലറിലും ഓട്ടോയ്‌ക്കും കാറുകൾക്കും രക്ഷയില്ല. കാലവർഷം ശക്തമാകുന്നതോടെ ദേശീയപാത 66ലൂടെയുള്ള യാത്ര കൂടുതൽ ദുസ്സഹവും അപകടാവസ്ഥയുമാകും. മഴവെള്ളം കെട്ടിനിന്ന് പലയിടത്തും സർവീസ് റോഡുകൾ കുളമാണ്. ഓച്ചിറയിലും കരുനാഗപ്പള്ളിയിലും സർവീസ് റോഡുകളും തകർന്നു. മഴ കനത്താൻ ഓച്ചിറ ടൗൺ വെള്ളത്തിൽ മുങ്ങുന്നത് യാത്രക്കാർക്ക് മറ്റൊരു തിരിച്ചടി. കരുനാഗപ്പള്ളിയിൽ നാട്ടുകാരും യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. എലിവേറ്റഡ് പാത നിർമാണം എങ്ങുമെത്താതെ ഇഴയുന്നു. കുറ്റിവട്ടത്തും ഇടപ്പള്ളിക്കോട്ടയിലും കഷ്‌ടിച്ച് ഒരുവാഹനം മാത്രം കടന്നുപോകാവുന്ന വീതിയുള്ള സർവീസ് റോഡുകളിലും കുഴിയാണ്. ശങ്കരമംഗലത്തും ചവറയിലും സർവീസ് റോഡിലൂടെ വാഹനങ്ങൾ ഇഴയുന്നു. മെയിൻ റോഡ് നിർമാണം നിലച്ചമട്ടാണ്. നീണ്ടകരയിലും ശക്‌തികുളങ്ങരയിലും മാത്രമാണ് മെയിൻ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. കാവനാട് ഉയരപ്പാത വിണ്ടുകീറിയതും സർവീസ് റോഡിൽ വാഹനങ്ങൾ വീർപ്പുമുട്ടുന്നതും സുഗമ ഗതാഗതത്തിന് തടസ്സമായി. കാവനാട് ആൽത്തറമൂട് നിന്നാരംഭിക്കുന്ന കൊല്ലം ബൈപാസിലും ദേശീയപാത നിർമാണത്തിന് വേഗമില്ല. മേവറം, ഉമയനല്ലുർ എന്നിവിടങ്ങളിൽ സർവീസ് റോഡിലുടെയുള്ള യാത്ര നരകയാത്രയാണ്. കൊട്ടിം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ ഉയരപ്പാതകൾ ഗതാഗതത്തിനു തുറന്നുകൊടുത്തത് ആശ്വാസമാണ്. ഇവിടങ്ങളിലും സർവീസ് റോഡുപണി പൂർത്തീകരിക്കാനുണ്ട്.










0 comments