Deshabhimani

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക

എൽഡിഎഫ് മാർച്ചിൽ പ്രതിഷേധമിരന്പി

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ്‌
മാർച്ചും ധർണയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 30, 2026, 01:21 AM | 2 min read

കൊല്ലം

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ നടപടികൾക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ചിലും ധർണയിലും പ്രതിഷേധമിരന്പി. എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സ്‌ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചിന്നക്കട റെസ്‌റ്റ്‌ഹ‍ൗസിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ നഗരം ചുറ്റിയാണ്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ എത്തിയത്‌. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്‌തു. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു വെട്ടിമാറ്റുന്ന ജോലിയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പരമാവധി ജനങ്ങളെ വോട്ടുചെയ്യിപ്പിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയുടെ ഉപകരണമായി മാറി. കോർപ്പറേറ്റുകൾ കൊടുക്കുന്ന പണം ഉപയോഗിച്ച്‌ ജനാധിപത്യത്തെ ബിജെപി വിലക്കെടുക്കുകയാണെന്നും മുല്ലക്കര പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിഅമ്മ, എം എച്ച്‌ ഷാരിയാർ, സൂസൻകോടി, സിപിഐ ദേശീയ ക‍ൗൺസിൽ അംഗം ജെ ചിഞ്ചുറാണി, ചന്ദനത്തോപ്പ് അജയകുമാർ, പേരൂർ ശശിധരൻ, പാറക്കൽ നിസാം, സാം കെ ഡാനിയേൽ, എ എം ഇക്‌ബാൽ എന്നിവർ സംസാരിച്ചു. എം ശിവശങ്കരപ്പിള്ള, വി കെ അനിരുദ്ധൻ, കെ സേതുമാധവൻ, എസ്‌ എൽ സജികുമാർ, ടി മനോഹരൻ, പി എ എബ്രഹാം, എം വിശ്വനാഥൻ, എം ന‍ൗഷാദ്‌, എച്ച്‌ ബെയ്‌സിൽ ലാൽ, എ പുഷ്‌പരാജൻ, കെ ജി ബിജു, ജി ലാലു, ആർ വിജയകുമാർ, ജി ആർ രാജീവൻ, അഡ്വ. എ രാജീവ് എന്നിവർ പങ്കെടുത്തു. ​


ഡിവൈഎഫ്‌ഐ 
മാർച്ച്‌ ഇന്ന്‌

കൊല്ലം

രാജ്യത്തെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൊല്ലം ഹെഡ്‌പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കും. ബുധൻ പകൽ 11ന്‌ നടക്കുന്ന മാർച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോം ഉദ്‌ഘാടനംചെയ്യും. സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുന്ന രീതിയിലാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത്. എസ്ഐആർ വിഷയത്തിൽ കമീഷനിലെ മറ്റു രണ്ട് അംഗങ്ങൾ നിരവധി എതിർപ്പ് അറിയിച്ചിട്ടും ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ മുന്നോട്ടുപോയത്. ഭൂരിപക്ഷാഭിപ്രായത്തെയും ജനാധിപത്യ വിയോജിപ്പുകളെയും അടിച്ചമർത്തുന്ന ഏകാധിപത്യ നടപടികൾ കാരണം കമീഷന്റെ പ്രവർത്തനം സംശയത്തിന്റെ നിഴലിലാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാനുള്ള ആയുധമായി കമീഷൻ മാറി. കമീഷണർമാരെ നിയമിക്കാൻ സുപ്രീംകോടതി നിർദേശിച്ച രീതി കേന്ദ്രസർക്കാർ അട്ടിമറിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന ഉന്നതാധികാര സമിതി വേണമെന്ന നിർദേശം തള്ളി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. കേന്ദ്രത്തിന്റെ താൽപ്പര്യമനുസരിച്ച് നിയന്ത്രിക്കാൻ വേണ്ടിയുള്ള ഉപഗ്രഹമായി കമീഷൻ മാറി. ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മാർച്ചിൽ എല്ലാവരും അണിനിരക്കണമെന്നും ജില്ലാ പ്രസിഡന്റ്‌ എം ഹരികൃഷ്ണനും സെക്രട്ടറി ടി ആർ ശ്രീനാഥും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home