‘ഗായത്രീഗീതം’ കേൾക്കാം അനിതയുടെ വിജയക്കുതിപ്പിൽ

എ അഭിലാഷ്
Published on Jan 03, 2026, 01:07 AM | 2 min read
എഴുകോൺ
2014 ആഗസ്ത് 26. ഇടയ്ക്കിടം പ്ലാക്കോട് ഗാത്രം വീട്ടിൽ അനിതകുമാരിയ്ക്ക് പ്രിയപ്പെട്ട മകൾ ഗായത്രിയെ നഷ്ടമാകുന്നത് അന്നാണ്. ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞുമകൾ ഗായത്രി മരിക്കുകയായിരുന്നു. കണ്ണീരോർമകളിൽ രണ്ടുവർഷം അനിത വീടിനകത്ത് തള്ളിനീക്കി. ഭർത്താവ് സുരേഷ് ബാബുവും സുഹൃത്തുക്കളും നൽകിയ പിന്തുണയിൽ പുറത്തിറങ്ങിയ അനിതയിന്ന് ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകയാണ്. 2000ലാണ് അനിതയുടെ കഥ തുടങ്ങുന്നത്. ഇറച്ചിക്കോഴിയും മുട്ടക്കോഴിയും മെഴുകുതിരിയും വാഷിങ് സോപ്പും ചെറിയതോതി വില്‍പ്പന നടത്തി വരുന്ന സമയം. കർണാടകയിലുള്ള സഹോദരന് മാസംതോറും മുളകും മല്ലിയും പൊടിച്ചു കൊടുത്തയക്കുന്ന പതിവുമുണ്ടായിരുന്നു. അൽപ്പം മുളകും മല്ലിയും കൂടി പൊടിച്ചുവിറ്റാലോ എന്ന ആശയമുദിച്ചത് അങ്ങനെയാണ്. മക്കളായ ഗായത്രിയും ഗൗതവുമൊത്ത് പ്ലാക്കോട്ടെ കുഞ്ഞുവീട്ടിൽ അനിതയും ഭർത്താവ് സുരേഷും സന്തോഷത്തോടെ കഴിഞ്ഞകാലം. മകളുടെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. മരവിച്ചു തുടങ്ങിയ ജീവിതത്തെ അനിത വീണ്ടും തിരികെപ്പിടിച്ചു. ബിസിനസിലേക്ക് തിരികെ വന്നു. മില്ലുകളിൽ മുളകും മല്ലിയും പൊടിക്കണമെങ്കിൽ 7000ത്തിലധികം രൂപ ചെലവുവരും. സ്വന്തമായി ഒരു പൊടിപ്പ് മില്ല് തുടങ്ങിയാൽ ഈ തുക ലാഭിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടി. അങ്ങനെ സഹോദരന്റെയും മറ്റുചിലരുടെയും സഹായങ്ങളുമായി വീടിനു സമീപം ചെറിയ പൊടിപ്പുമില്ല് തുടങ്ങി. എല്ലാ സഹായങ്ങളുമായി ഉദ്യോഗസ്ഥർ അനിതയ്ക്കൊപ്പം നിന്നു. വായ്പയെടുത്ത് ബിസിനസ് വിപുലീകരിച്ചു. കുടുംബശ്രീയുടെ സഹായങ്ങളും തേടിയെത്തി. ഒപ്പം അംഗീകാരങ്ങളും. 2024ലും 2025ലും മികച്ച കുടുംബശ്രീ സംരംഭകയായി. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീയുടെയും വിപണന മേളകൾ അനിതയുടെ ഗായത്രി നമ്പർവൺ ഫുഡ് പ്രോഡക്ട്സ് കീഴടക്കി. സൂപ്പർ മാർക്കറ്റിലും കടയിലും ഗായത്രി ഉൽപ്പന്നങ്ങൾ എത്തി. ജില്ല ആതിഥേയത്വം വഹിച്ച സരസ്‌മേളയിൽ മാത്രം 4.5ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു. കൊട്ടാരക്കരയിലും കരീപ്രയിലും ഓടനാവട്ടത്തും ഔട്ട് ലൈറ്റുകൾ തുറന്നു. അനിതയുടെ സ്ഥാപനത്തിൽ 10പേർ ജോലി ചെയ്യുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലും വ്യവസായ വകുപ്പും പഞ്ചായത്തും കുടുംബശ്രീയും ഐഒബിയും നൽകിയ പിന്തുണയ്ക്ക് അനിത നന്ദി പറയുന്നു. നല്ലൊരു വീട് വയ്ക്കണമെന്നത് അനിതയുടെ സ്വപ്നമായിരുന്നു. സത്യസന്ധതയും ആത്മാർഥതയും കഠിനാധ്വാനവുമുണ്ടെങ്കിൽ ജീവിത വിജയം നേടാൻ കഴിയുമെന്ന് കഴിഞ്ഞ മാസം പാലുകാച്ചിയ പുതിയ വീട്ടിലിരുന്ന് മകൻ ഗൗതം സുരേഷിനെയും ചേർത്തുനിർത്തി അനിത പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.









0 comments