വനം വകുപ്പിന്റേത് ഗുരുതര അനാസ്ഥ: എസ് ജയമോഹൻ

കൊല്ലം
അഞ്ചൽ ഭാരതീപുരത്തുള്ള ആർആർടിയുടെ പ്രവർത്തനം നിർത്തിയതിൽ വനം വകുപ്പ് കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജയമോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുളത്തുപ്പുഴ, ഏരൂർ ഉൾപ്പെടെ വനമേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് 2023ൽ ഭാരതീപുരത്ത് ആർആർടി സ്ഥാപിച്ചത്. എല്ലാ സംവിധാനങ്ങളുമുള്ള ഓഫീസ് 2026ൽ ഉദ്‌ഘാടനംചെയ്‌തു. എന്നാൽ, ഭരണമാറ്റമുണ്ടായപ്പോൾ ഭാരതീപുരത്തെ ആർആർടി കറവൂരിലേക്കു മാറ്റി. വനം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണിതെന്ന് 2026 ജൂലൈ ഒന്പതിന് പുനലൂർ ഡിഎഫ്‌ഒ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഭരണം മാറുമ്പോൾ ഓഫീസ് മാറ്റുന്നത് ന്യായീകരിക്കാനാകില്ല. സഹ്യപർവതനിരകളാൽ ചുറ്റപ്പെട്ട കുളത്തൂപ്പുഴ, ശെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ പരിസരങ്ങളിലാണ് ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണം ഉണ്ടാകുന്നത്. ഇക്കാരണത്താലാണ് ഭാരതീപുരത്ത് ഓഫീസ് അനുവദിച്ചത്. വന്യമൃഗശല്യത്തിന് വിരാമം ഇടുന്ന വനം വകുപ്പ് സംവിധാനം മലയോര മേഖലയിൽ നിലച്ചു. വന്യമൃഗങ്ങൾ യഥേഷ്ടം നാട്ടിലിറങ്ങുന്നു. കുളത്തുപ്പുഴ, ചിതറ, ആര്യങ്കാവ്, തെന്മല, ഏരൂർ, അലയമൺ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കാർഷികവിളകൾ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ വിഹരിക്കുകയാണ്. സർക്കാർ സംവിധാനത്തിലെ പാളിച്ച മൂലം ബഷീർ മരിക്കാനിടയായതിൽ വനംവകുപ്പ് മാത്രമാണ് ഉത്തരവാദി. ആർആർടി ഓഫീസ് ഭാരതീപുരത്ത് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.










0 comments