ad
Deshabhimani

കൊല്ലത്തിന്റെ ഷോൺ കേരള ടീമിന്റെ നായകൻ

അണ്ടർ 15 കേരള ഫുട്‌ബോൾ ടീം ക്യാപ്റ്റനായ  അനോക് ഷോൺ ആന്റണി 
തങ്കശ്ശേരി കടപ്പുറത്ത് പന്തുതട്ടുന്നു
avatar
അഖിൽ സദാശിവൻ

Published on Sep 06, 2026, 01:20 AM | 1 min read

കൊല്ലം ​

കൊല്ലത്തിന്റെ കടൽതീരത്ത്‌ അച്ഛൻ ആന്റണിക്കൊപ്പം പന്തിന്റെ ഹൃദയംതൊട്ട തങ്കശേരി ബിഷപ് പാലസ് നഗർ ഏലിയാസ് കോട്ടേജിൽ അനോക് ഷോൺ ആന്റണി (15)ഇനി മുതൽ കേരള ടീമിന്റെ നായകനാകും. കേരള അണ്ടർ 15 ഫുട്ബോൾ ടീം ക്യാപ്റ്റനായാണ്‌ അനോകിനെ തെരഞ്ഞെടുത്തത്‌. കുട്ടിക്കാലം മുതൽ പ്രതിസന്ധികളെ അതിജീവിച്ച്‌ തങ്കശേരിയിലെ മണൽപ്പരപ്പിലാണ്‌ അനോക്‌ കളിച്ചുയർന്നത്‌. ഏഴാംക്ലാസ് വരെ ഇൻഫന്റ് ജീസസ് സ്കൂളിനു വേണ്ടി പന്ത് തട്ടി. കൊല്ലം അണ്ടർ 15 ടീമിന്റെ ഭാഗമായി കാസർകോട് നടന്ന മത്സരത്തിൽ പങ്കെടുക്കാൻ പോയതാണ് ഇ കൊച്ചുമിടുക്കന്റെ തലവര മാറ്റിയത്. അന്ന് കളികാണാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ജി വി രാജ സ്പോർട്സ് സ്കൂൾ, മുത്തൂറ്റ് ഫുട്ബാൾ അക്കാദമി എന്നിവിടങ്ങളിലെ സ്‌കൗട്ടിങ് ടീം എത്തിയിരുന്നു. മികച്ച പ്രകടനം നടത്തിയതോടെ മൂന്ന്‌ ടീമിൽനിന്ന്‌ വിളിയെത്തി. കൊല്ലത്തെ കോച്ചിന്റെ ഉപദേശപ്രകാരം മലപ്പുറം മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിൽ ചേരുകയായിരുന്നു. നിലവിൽ മലപ്പുറം എംഐ ഹയർ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷം വെള്ളിയാഴ്ച ആസാമുമായി നടന്ന കളിയിൽ അവസാന നിമിഷം ഡയറക്ട് കോർണർ സിക്കിലൂടെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയും ചെയ്തു. ബംഗളൂരുവിൽ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ തിരക്കിലാണ് നിലവിൽ അനോക്‌. ക്യാപ്റ്റനായത്തിൽ സന്തോഷമുണ്ടെന്ന്‌ അനോക്‌ പറഞ്ഞു. അർജന്റീന ഇഷ്ട ടീമായ അനോകിനെ മെസിയുടെ വിരമിക്കൽ വേദനിപ്പിച്ചു. ക്ലബ് ഫുട്ബാളിൽ ബാർസലോണയാണ്‌ ഇഷ്ട ടീം. അച്ഛൻ ആന്റണി പ്രാദേശിക ഫുട്ബോളിൽ താരമായിരുന്നു. ഡിഫൻഡറായാണ്‌ കളിച്ചിരുന്നത്‌. തുടക്കത്തിൽ അനോക്‌ മുന്നേറ്റക്കാരനായാണ്‌ കളിച്ചതെങ്കിലും പിന്നീട്‌ പ്രതിരോധ നിരയിലേക്ക്‌ മാറുകയായിരുന്നു. ഏഴാംക്ലാസ് വരെ അത്‌ലറ്റിക് മത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നു. ക്വയിലോൺ ഫുട്ബോൾ അക്കാദമിയിലായിരുന്നു പരിശീലനം. 2024 മുതൽ അണ്ടർ 15കേരള ടീമിൽ കളിക്കുന്നു. കോർണർ, ഫ്രീകിക്ക് എന്നിവ ഗോൾ ആക്കുന്നതിൽ അനോക്‌ മിടുക്കനാണ്‌. മത്സരം കഴിഞ്ഞ് എത്തുമ്പോൾ വമ്പിച്ച സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും കൂട്ടുകാരും. അമ്മ: സുജ. സഹോദരിമാർ: ആൻസി, ആൻമേരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home