നേപ്പാള്‍ വിറയ്ക്കും, ഇനി പുല്ലിച്ചിറയെന്ന് കേട്ടാല്‍

എസ് അനന്ദ വിഷ്ണു
Published on Jan 05, 2026, 01:09 AM | 1 min read
കൊല്ലം
അങ്ങു നേപ്പാളിലെ പുൽമൈതാനത്തിന് തീപിടിച്ചു.., കത്തിച്ചത് നമ്മുടെ ഇന്ത്യന്‍ ടീം. അതില്‍ മൂന്നുപേര് കൊല്ലം കൊട്ടിയത്തിന്റെ മൂന്നു ചുണക്കുട്ടികൾ. അലൻ മധുസൂദനൻ, വി എസ് വിശ്വജിത്, നിഗേഷ് ബിജു എന്നിവരാണ് നാലാമത് യൂത്ത് സ്പോർട്സ് ഇന്ത്യോ നേപ്പാൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ബൂട്ടുകെട്ടിയത്. അണ്ടർ 20യില്‍ ടീം റണ്ണേഴ്‌സ് അപ്പ് ആയി. നിഗേഷ് കളിച്ച അണ്ടർ 14യില്‍ ജേതാക്കളുമായി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ടീമുകളിൽനിന്ന് തെരഞ്ഞെടുത്തവരാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ഡിവൈഎഫ്ഐ കൊട്ടിയം മേഖലാ കമ്മിറ്റിയിലെ പുല്ലിച്ചിറ യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ് മൂന്നുപേരും. പൊതിച്ചോര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവം. വാളത്തുംഗൽ ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് അലൻ. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് വിശ്വജിത്ത്. നിഗേഷ് ബിജു കൊട്ടിയം സിഎഫ്എച്ച്എസ് ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നുപേരും കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിലും കേരളത്തിനായി മത്സരിച്ചിരുന്നു. ഒരുമിച്ചാണ് ആശ്രാമം മൈതാനത്ത് പരിശീലനം നടത്തുന്നത്. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിനായി ബൂട്ട് കെട്ടണമെന്നാണ് മൂന്നുപേരുടെയും സ്വപ്നം. മധുസൂദനന്റെയും സജിയുടെയും മകനാണ് അലൻ. വിജയന്റയും ഷീജയുടെയും മകനാണ് വിശ്വജിത്ത്. ബിജുവും ബിന്ദുവുമാണ് നിഗേഷിന്റെ അച്ഛനമ്മമാർ. സിപിഐ എം പ്രാദേശിക ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നേപ്പാളിൽ മത്സരിക്കാൻ പോകുന്നതിനാവശ്യമായ സഹായങ്ങൾചെയ്തിരുന്നു. ജിതിൻ, നൗഷർ എന്നിവര്‍ക്ക് കീഴിലാണ് പരിശീലനം.








0 comments