ഗ്യാനേഷ് കുമാർ രാജിവയ്ക്കുക
കർഷക സംഘടനകളുടെ നൈറ്റ് മാർച്ച് നാളെ

കൊല്ലം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു കർഷക സംഘടനകളുടെ നൈറ്റ് മാർച്ച് വെള്ളിയാഴ്‌ച നടക്കും. ഇതേ ആവശ്യമുന്നയിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഒക്ടോബർ 23-ന് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ഇടതുപക്ഷ കർഷക സംയുക്ത സമരസമിതി ചെയർമാൻ ലെനു ജമാൽ, കൺവീനർ ബിജു കെ മാത്യൂ എന്നിവർ അറിയിച്ചു. ദേശീയതലത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനു മുന്നോടിയായി കൊല്ലത്തു ചേർന്ന ജില്ലാതല യോഗം കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യൂ ഉദ്ഘാടനംചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് കുതിരച്ചിറ രാജശേഖരൻ, കർഷക യൂണിയൻ (ബി) ജില്ലാ പ്രസിഡന്റ് വില്ലൂർ ഗോപാലകൃഷ്ണപിള്ള, കർഷകയൂണിയൻ എം ജില്ലാ സെക്രട്ടറി ഇക്ബാൽകുട്ടി, മേടയിൽ ബാബു, എസ് സത്യൻ, ജോൺ ഫിലിപ്പ്, കെ ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിൽ എല്ലാ കർഷകരും ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് സമരസമിതി നേതാക്കൾ അഭ്യർഥിച്ചു.









0 comments