‘വീടുകിട്ടി, മുടക്കമില്ലാതെ പെൻഷനും... പിന്നെന്തുവേണം’

പി ആർ ദീപ്തി
Published on Apr 05, 2026, 01:46 AM | 2 min read
കൊല്ലം
‘മോൾ വീണ്ടും ജയിച്ചുവരും, അരിവാളും നെൽക്കതിരും മനസ്സിക്കേറീട്ട് കാലം കുറേയായി, ഞാനുൾപ്പെടെ വീട്ടിലെ അഞ്ചോട്ടും മോക്കുള്ളതാ, എനിക്ക് വീടുകിട്ടി, മുടക്കമില്ലാതെ പെൻഷനും കിട്ടുന്നു, പിന്നെന്തുവേണം’ ഇതുപറഞ്ഞ് ഇളമാട് കാരാളിക്കോണം സ്വദേശി ഓമന (71) ആവേശത്തോടെ കെട്ടിപ്പിടിച്ചപ്പോൾ ആ അമ്മയുടെ സ്‌നേഹവാത്സല്യത്തിനു മുന്നിൽ തലകുനിച്ച ചിഞ്ചുറാണി ഉമ്മകൾ നൽകി അവരെ പുണർന്നു. ചടയമംഗലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജെ ചിഞ്ചുറാണിക്ക് ശനിയാഴ് ഇളമാട് പഞ്ചായത്തിലെ കാരാളിക്കോണം ജങ്‌ഷനിൽ നൽകിയ ഹൃദ്യമായ സ്വീകരണത്തിലായിരുന്നു വികാരഭരിതരംഗം. സ്ഥാനാർഥി എത്തും മുന്പേ എൽഡിഎഫ് സർക്കാർ നാട്ടിൽ വരുത്തിയ വികസനം വരെ സ്‌പർശിച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയലിന്റെ ആമുഖം. തൊട്ടുപിന്നാലെ ചിഞ്ചുറാണി എത്തി.ഹൃദ്യമായ സ്വീകരണത്തിന് ചുരുങ്ങിയ വാക്കുകളിൽ നന്ദി. കൃത്യമായി പെൻഷൻ കിട്ടുന്നില്ലേ എന്ന അവരുടെ ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ മറുപടി പറയുന്ന അമ്മമാർ, ഇടതുസർക്കാർ വന്നാലേ നാട് നന്നാകൂ എന്നതിന് അടിവരയിടുന്നു അവർ. ‘വിഷുവിന് ആരുടെ മുന്പിലും കൈനീട്ടേണ്ട, 2000രൂപ പെൻഷൻ കിട്ടി ഞങ്ങക്ക്’– തോട്ടത്തറയിൽ തടിച്ചുകൂടിയവർ ക്ഷേമപെൻഷനെക്കുറിച്ച് വാചാലരായി. ചിഞ്ചുറാണിയെ ജയിപ്പിക്കും ജയിച്ചിരിക്കും അതുറപ്പാണ്, എൽഡിഎഫ് വാക്കുപോലെയാണ് ഞങ്ങടെയും’ പറയുന്നത് ഷീജാ മൻസിലിൽ സലാഹുദീൻ (70). കാഴ്‌ച പരിമിതിയുള്ള ഇദ്ദേഹം വീട്ടുകാരുടെ സഹായത്തോടെയാണ് സ്വീകരണകേന്ദ്രത്തിലെത്തിയത്. തോട്ടത്തറ ഹാച്ചറിക്കു മുന്പിലെത്തിയപ്പോൾ സ്ഥാനാർഥിയെ കാണാൻ തൊഴിലാളികൾ ഒന്നടങ്കം റോഡിലുണ്ട്. അവരെ കണ്ടതോടെ ചിഞ്ചുറാണി വാഹനത്തിൽനിന്ന് ഇറങ്ങി അവർക്കൊപ്പം ചേർന്നു. ഹാച്ചറിയിൽ ജോലിയെടുക്കുന്ന ദീപാകുമാരി, റഹ്‌മത്ത്, ആശമോൾ, ശ്രീജ, ഹസീന, ശ്യാമള തുടങ്ങിയ തൊഴിലാളികൾ തങ്ങളുടെ ജോലി സ്ഥിരത ഉറപ്പാക്കാൻ ചിഞ്ചുറാണി ജയിച്ചേ മതിയാകു, എൽഡിഎഫ് സർക്കാരിന് തുടർഭരണം കിട്ടിയേ തീരു എന്ന് തുറന്നുപറയുകയാണ്. മണ്ഡലത്തിൽ 1250 കോടിയുടെ വികസനപ്രവർത്തനം നടപ്പാക്കുകയും ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുള്ള മണ്ഡലത്തിൽ അവയെല്ലാം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുകയും ചെയ്‌ത് നൽകിയ വാക്ക് അക്ഷരാർഥത്തിൽ പാലിച്ചാണ് ചിഞ്ചുറാണി വീണ്ടും ജനവധി തേടുന്നത്. രാവിലെ അർക്കന്നൂർ മഹിളാസമാജം ജങ്‌ഷനിൽനിന്നായിരുന്നു ശനിയാഴ്‌ച സ്വീകരണപര്യടനത്തിന് തുടക്കം. വായനശാല ജങ്‌ഷൻ, വടക്കേഭാഗം, മണിയൻമുക്ക്, തുടങ്ങി 64ഇടങ്ങളിലായിരുന്നു സ്വീകരണം.










0 comments