വയോജന കരുതലായി വയോമിത്രം

അഖില്‍ സദാശിവന്‍
Published on Feb 07, 2026, 12:56 AM | 1 min read
കൊല്ലം
വയോജന നയത്തിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യസംരക്ഷണ പരിപാലനത്തിനു ആരംഭിച്ച വയോമിത്രം പദ്ധതിയിൽ 8500ൽ അധികം ഗുണഭോക്താക്കൾ. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ കോർപറേഷനിൽ രണ്ട് യൂണിറ്റും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികളിൽ ഓരോ യൂണിറ്റുമുണ്ട്. വാർഡ് അടിസ്ഥാനത്തിൽ ഡോക്ടർമാരടങ്ങിയ സംഘം രണ്ടാഴ്ചയുടെ ഇടവേളയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടത്തിപ്പ്. കോർപറേഷൻ, മുൻസിപ്പാലിറ്റിയിൽ താമസിക്കുന്ന 65വയസ്സിൽ മുകളിലുള്ളവർക്കാണ് വയോമിത്രം പദ്ധതി.ഗുണഭോക്താക്കളുടെ സാമ്പത്തിക പരിധി നോക്കാതെ സൗജന്യമായി ഇൻസുലിൻ ഉൾപ്പെടെ 80ൽപരം മരുന്നുകളും ഡോക്ടറുടെ വാതിൽപ്പടി സേവനവും ഉണ്ടാകും. മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ പരിശോധന, യാത്രകൾ സംഘടിപ്പിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ 65 വയസ്സിനു മുകളിൽ പ്രായമായവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കായി 26ലധികം പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സൗജന്യമരുന്ന്, കൗൺസലിങ്, മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സപാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനം തുടങ്ങിയവയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. സൗജന്യചികിത്സയ്ക്ക് പുറമെ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും നടപ്പാക്കുന്നു. ഒരു ഡോക്ടർ, ഒരുനഴ്സ്, ഒരു ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ്, ഒരു കോ –ഓർഡിനേറ്റർ എന്നിവരാണ് കുറഞ്ഞത് ഒരു യൂണിറ്റിലുള്ളത്. ഇത്തരത്തിൽ ജില്ലയിൽ ആറ് മെഡിക്കൽ ഓഫീസർമാർ വിവിധ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നു. ജില്ലയിൽ പദ്ധതി ആരംഭിച്ചത് 2011 സെപ്തംബറിലാണ്. മാസത്തിൽ രണ്ടു തവണ സൗജന്യ ചികിത്സ ലഭിക്കും. കേരള സാമൂഹ്യ സുരക്ഷാമിഷന്റെ ക്ഷേമപദ്ധതികളായ ആശ്വാസകിരണം, സ്‌നേഹപൂർവം, സമാശ്വാസം, വീ കെയർ തുടങ്ങിയ പദ്ധതികളുടെ കേന്ദ്രീകൃത ഓഫീസായി വയോമിത്രം കേന്ദ്രം പ്രവർത്തിക്കുന്നു.










0 comments