രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർക്ക് നിർബന്ധിത അവധി

കൊട്ടാരക്കര
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർ നിർബന്ധിത അവധിയിൽ പോകാൻ നിർദേശം. ഡെപ്യൂട്ടി ഡിഎംഒ ശ്രീഹരിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണശേഷമാണ് നടപടി. ആശുപത്രിയിലെത്തിയ വിജിലൻസ് വിഭാഗം സൂപ്രണ്ട്, ഡോക്ടർമാർ, ജീവനക്കാര്‍ എന്നിവരിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. രോഗിയോടും ഒപ്പമെത്തിയവരോടും കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖകൃഷ്ണൻ മോശമായി പെരുമാറുന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് രേഖാകൃഷ്ണന് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഞായർ അർധരാത്രിയിലായിരുന്നു സംഭവം. കടുത്ത നെഞ്ചുവേദനയുമായി എത്തിയ വെട്ടിക്കവല പച്ചൂർ സ്വദേശിയോടും ബന്ധുവായ യുവതിയോടുമാണ് ഡോക്ടർ അപമര്യാദയായി പെരുമാറിയത്. ‘ഇത് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല. നിങ്ങൾ പകൽസമയത്താണ് ആശുപത്രിയിൽ വരേണ്ടത്. അസുഖം വല്ലതും ഉണ്ടെങ്കിൽ വൈകിട്ട് ആറിനുമുമ്പ് തീർത്തോണം. ആറിനുശേഷം കൂട് കയറിക്കോണം. അതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങുന്നതിന് വേറെ രീതിയിലാണ് കണക്കാക്കുന്നത്...’ എന്നിങ്ങനെ നീളുകയായിരുന്നു ഡോക്ടറുടെ അപമാനം. രോഗികളോടുള്ള മോശം പെരുമാറ്റം മൂലം ഇവർക്കെതിരെ മുന്പ് നിരവധി പരാതികളും നടപടികളും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു.










0 comments