ആവേശമായി ദേശാഭിമാനി പ്രചാരണം

കൊല്ലം
പ്രബുദ്ധകേരളത്തിന്റെ ശബ്‌ദമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം വിപുലമാക്കാൻ ജില്ലയിൽ ഊർജിത പ്രവർത്തനം. സിപിഐ എം ഘടകങ്ങളും തൊഴിലാളി,- ബഹുജന സംഘടനകളും ചേർന്ന് പ്രചാരണം വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. സിപിഐ എം നേതാക്കളും പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും വീട് കയറി പ്രചാരണത്തിൽ പങ്കാളികളാകുന്നു. വാർഷിക വരിസംഖ്യ പുതുക്കിയും പുതിയ വരിക്കാരെ ചേർത്തും പത്രം കൂടുതൽ ജനകീയമാക്കുകയാണ്. വീടുകളും സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച് വാർഷിക വരിക്കാരെ ചേർക്കാൻ സ്‌ക്വാഡ് പ്രവർത്തിക്കുന്നു. പോസ്‌റ്റർ പ്രചാരണവും സജീവമാണ്. കശുവണ്ടിമേഖലയിലും മത്സ്യമേഖലയിലും പത്രപ്രചാരണത്തിന് തൊഴിലാളികളാണ് മുന്നില്‍. സാംസ്‌കാരിക സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിരവധി വാർഷികവരി ഇതിനകം ഉറപ്പാക്കി. എല്ലാ സ്‌കൂളിലും ദേശാഭിമാനി അക്ഷരമുറ്റം പത്രം പദ്ധതിയെ ഹൃദയപൂർവം വരവേൽക്കുന്നു. കൊല്ലം നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളെ ദേശാഭിമാനി വരിക്കാരാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണവും വരിസംഖ്യ ഏറ്റുവാങ്ങലും കൊച്ചുപിലാംമൂട്ടിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്‌തു. ദേശാഭിമാനി ചീഫ് എഡിറ്ററായിരിക്കെ കാലത്തിനനുസരിച്ച് പത്രത്തെ നവീകരിക്കുന്നതിനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കോടിയേരി ഏറെ ശ്രദ്ധപുലർത്തിയിരുന്നത് എസ് ജയമോഹൻ അനുസ്‌മരിച്ചു. രാഷ്‌ട്രീയ ഉത്തരവാദിത്വം നിർവഹിക്കുന്നതിനോടൊപ്പം പൊതുപത്രമായി വളർത്തുകയും ചെയ്‌തു. എല്ലാക്കാലത്തും പാർടിപ്രവർത്തകരെ നെഞ്ചോട് ചേർത്തുനിർത്തിയ ധീരനായ വിപ്ലവകാരിയായിരുന്നു കോടിയേരിയെന്നും അനുസ്മരിച്ചു. സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്ബാൽ, സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എച്ച് ബെയ്സിൽ ലാൽ, ജി ആനന്ദൻ, ജെ ഷാജി എന്നിവർ പങ്കെടുത്തു.









0 comments