മലയോര മേഖലകളിൽ വനവേപ്പ് കൃഷി വ്യാപകമാകുന്നു

തലവൂരിൽ വനവേപ്പ് കൃഷി ചെയ്തിരിക്കുന്ന കർഷകൻ സി ഡി ജേക്കബ്
..എ ബി അൻസാർ
Published on Nov 02, 2026, 12:07 AM | 1 min read
പത്തനാപുരം
പരമ്പരാഗത കൃഷികളിൽനിന്ന് വ്യത്യസ്തമായി വനവേപ്പ് (മലവേപ്പ്) കൃഷിയിലേക്ക് മലയോര മേഖലയിലെ കർഷകർ തിരിയുന്നു. കുറഞ്ഞ പരിചരണത്തിൽ വളർത്താൻ കഴിയുന്നതും ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം പ്രതീക്ഷിക്കാനാകുന്നതുമാണ് വനവേപ്പ് കൃഷിയോടുള്ള താൽപ്പര്യം വർധിക്കാൻ കാരണം. റബർ ഉൾപ്പെടെയുള്ള പരമ്പരാഗത കൃഷികളിൽ ഉൽപ്പാദനച്ചെലവ് ഉയരുന്നതും തൊഴിലാളികളുടെ ലഭ്യതക്കുറവും കർഷകരെ ബദൽ കൃഷിരീതികൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എട്ടുവർഷം കൊണ്ട് മുറിക്കാവുന്ന പരുവത്തിൽ വണ്ണം വയ്ക്കുന്നതാണ് ഇവ. തൈകൾ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി വരുന്നത്. ഒന്നിന് 40രൂപയാണ് വില. ദിവസേനയുള്ള പരിചരണം താരതമ്യേന കുറവാണെന്നതും വനവേപ്പിനെ ആകർഷകമാക്കുന്നു. തേക്കിനും മഹാഗണിക്കും പിന്നാലെ ദീർഘകാല നിക്ഷേപമെന്ന നിലയിലാണ് വനവേപ്പ് മാറുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വളർച്ച കൈവരിക്കുന്ന വനവേപ്പിന് വീട്ടുപകരണങ്ങൾ, പ്ലൈവുഡ് ഉൾപ്പെടെയുള്ള വ്യവസായങ്ങളിൽ ആവശ്യകതയുണ്ട്. തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളെ അപേക്ഷിച്ച് നേരത്തെ വിളവെടുക്കാൻ കഴിയുന്നതും കർഷകരെ ആകർഷിക്കുന്നു. പ്ലൈവുഡ് നിർമാണം, തീപ്പെട്ടി വ്യവസായം, പേപ്പർ പൾപ്പ് നിർമാണം, ജൈവ ഇന്ധനം എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം 5000മുതൽ 12,000രൂപവരെ ഒരു ടണ്ണിന് ലഭിക്കുന്നു. സംസ്ഥാനത്തെ മൂന്ന് പ്രധാന റേഞ്ചുകളിൽ തേക്ക് തൈകൾ നടാനായി എടുത്ത മൂന്നുലക്ഷത്തോളം കുഴികളിലാണ് വനവേപ്പ് അല്ലെങ്കിൽ മലവേപ്പ് നട്ടത്. റാന്നി, കോന്നി, പുനലൂർ എന്നിവിടങ്ങളിലെ പ്ലാന്റേഷനുകളിൽ കൃഷി ആരംഭിച്ചു.









0 comments