ഞങ്ങൾ എന്നും സിപിഐ എമ്മിനൊപ്പം

ശൂരനാട്
ഞങ്ങൾ എക്കാലവും കമ്യൂണിസ്റ്റുകാർ ആണെന്നും ഇനിയും സജീവമായി സിപിഎമ്മിനൊപ്പം ഉണ്ടാകുമെന്നും ശൂരനാട് സമരസേനാനി അയണിവിള കുഞ്ഞുപിള്ളയുടെ കുടുംബാംഗങ്ങളായ വസന്തയും അതുല്യയും പറഞ്ഞു. ഇതോടെ രക്തസാക്ഷി കുടുംബാംഗങ്ങൾ കോൺഗ്രസിൽ ചേർന്നെന്ന മട്ടിൽ യുഡിഎഫ് പ്രവർത്തകർ ശൂരനാട് നടത്തിയ പ്രചാരണങ്ങൾ പൊളിഞ്ഞു. ഞായറാഴ്ച ഉല്ലാസ് കോവൂർ എംഎൽഎയുടെ സ്വീകരണ പരിപാടിക്കിടെ രക്തസാക്ഷി കുടുംബാംഗങ്ങൾ കോൺഗ്രസിൽ ചേർന്നുവെന്ന മട്ടിലായിരുന്നു യുഡിഎഫ് പ്രചാരണം. അയണിവിള കുഞ്ഞുപിള്ളയുടെ മകൻ ആനന്ദന്റെ മകൾ അതുല്യ ശൂരനാട് വടക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്‌കൂളിൽ ആയയായി കഴിഞ്ഞ നാല് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്‌തു വരികയാണ്. ജൂൺ പത്തിന് കരാർ കാലാവധി അവസാനിച്ചിട്ടും യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഇത് പുതുക്കി നൽകാൻ തയ്യാറായില്ല. കരാർ പുതുക്കുന്നതിനായി കഴിഞ്ഞ മെയ് അഞ്ചിനുതന്നെ അതുല്യ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. കരാർ പുതുക്കുന്നത് സംബന്ധിച്ച് സംസാരിക്കാനെന്ന മട്ടിൽ എംഎൽഎയുടെ സ്വീകരണ പരിപാടിയിൽ അതുല്യയെയും അമ്മയെയും വിളിച്ചുവരുത്തി തന്ത്രപരമായി ഷാൾ അണിയിക്കുകയായിരുന്നു. എംഎൽഎയുടെയും ഡിസിസി പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ നാടകം. മനോവിഷമത്തിലായ ഇരുവരും സിപിഐ എം നേതാക്കളെ വിളിച്ചു സംഭവത്തിന്റെ യാഥാർഥ്യം അറിയിച്ചു . തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ശൂരനാട് റബ കൺവൻഷൻ സെന്ററിൽ ചേർന്ന ശൂരനാട് വടക്ക് പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗത്തിലേക്ക് ഇരുവരും കടന്നുവന്ന് സത്യാവസ്ഥ വിവരിക്കുകയായിരുന്നു. എല്ലാകാലത്തും പാർടിക്കൊപ്പമായിരിക്കുമെന്നും സംഭവം നടന്നതിനുശേഷം ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഇരുവരും യോഗത്തിൽ നിറകണ്ണുകളോടെ വ്യക്തമാക്കി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഇരുവരെയും ഷാൾ അണിയിച്ചു. സിപിഐ എം എക്കാലവും ഏറ്റവും ആദരവോടെ കാണുന്നതും പരിഗണിക്കുന്നതും രക്തസാക്ഷി കുടുംബാംഗങ്ങളെ ആണെന്നും ഭരണസംവിധാനങ്ങളുടെ മറവിൽ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലവസരങ്ങളും നിഷേധിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും എസ് ജയമോഹൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം പി.ബി സത്യദേവൻ ഏരിയ സെക്രട്ടറി ബി ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പ്രദീപ്, ആർ അമ്പിളിക്കുട്ടൻ, പി ഓമനക്കുട്ടൻ, എ റമീസ്, എൻ സന്തോഷ്, ബിന്ദു ശിവൻ, ലോക്കൽ സെക്രട്ടറിമാരായ ഹാരിസ്, അമൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.











0 comments