തമിഴ്‌നാട്ടിൽനിന്ന് ക്വാറി ഉൽപ്പന്നങ്ങളുടെ വരവുനിലച്ചു
നിർമാണ മേഖല പ്രതിസന്ധിയിൽ നോക്കുകുത്തിയായി സർക്കാർ

സ്വന്തം ലേഖകൻ..
Published on Aug 05, 2026, 12:23 AM | 1 min read
കൊല്ലം
ക്വാറി ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനുപുറത്ത് വിൽക്കുന്നത് നിരോധിച്ചുള്ള തമിഴ്‌നാട് സർക്കാര്‍ വിജ്ഞാപനം നിർമാണ മേഖലയ്‌ക്ക് കനത്ത പ്രഹരമായിട്ടും അനങ്ങാതെ കേരള സർക്കാർ. തൊഴിൽദിനങ്ങളുടെ എണ്ണം കുറയുന്നതോടെ തൊഴിലാളികളും ദുരിതത്തിലേക്ക് നീങ്ങുന്നു. തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് ജൂലൈ ഒന്പതിനാണ്. ഉത്തരവ് ലംഘിച്ച് ക്വാറി ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക് വരുന്ന ലോറികൾ തമിഴ്‌നാട്ടിലെ ചെക്ക് പോസ്റ്റുകളിൽ പൊലീസ് തടയുകയാണ്. ഇതോടെ ക്വാറി ഉൽപ്പന്നങ്ങളുടെ വിലയും സംസ്ഥാനത്ത് കുതിച്ചുയരുന്നു. ദേശീയപാത നിർമാണത്തെയും ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഒന്നും ചെയ്യാത്തതിൽ നിർമാണമേഖലയിൽ വലിയ പ്രതിഷേധം ഉയരുന്നു. തമിഴ്നാട്ടിൽനിന്നുള്ള വരവ് നിലച്ചതോടെ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യുബിക് അടി ശരാശരി ഒന്പതുരൂപയുടെ വർധനയുണ്ടായി. എം സാൻഡ് 60-62രൂപയിൽനിന്ന് 72-80 രൂപയായും മുക്കാൽ ഇഞ്ച് മെറ്റൽ 48ൽനിന്ന് 55ആയും ഒന്നരയിഞ്ച് മെറ്റൽ 45ൽനിന്ന് 55 ആയും പാറപ്പൊടി 42ൽനിന്ന് അന്പതായും ഉയർന്നു. ജില്ലയിൽ ആകെയുള്ളത് 11 ക്വാറിയാണ്. ഇവിടങ്ങളിൽ കാര്യമായി ഖനനം ഇല്ലാത്തതിനാൽ കരാറുകാർ തമിഴ്നാടിനെയാണ് ആശ്രയിച്ചിരുന്നത്.ജില്ലയിലെ ക്രഷറുകൾ അധികവും പ്രവർത്തിക്കുന്നത് തമിഴ്നാട്ടിൽനിന്ന് ക്വാറി ഉൽപ്പന്നങ്ങൾ എത്തിച്ചായിരുന്നു. വരവ് നിലച്ചതോടെ യാർഡുകളും കാലിയായി. കോന്നിയിൽനിന്ന് പാറ എത്തിച്ചാണ് അവശേഷിക്കുന്ന ക്രഷറുകൾ പ്രവർത്തിക്കുന്നത്. ആവശ്യം പെട്ടെന്ന് വർധിച്ചതോടെ ക്രഷറുകൾ കുത്തനെ വില ഉയർത്തി. കരാറുകാർക്ക് നിലവിലെ എസ്റ്റിമേറ്റ് പ്രകാരം നിർമാണം പൂർത്തിയാക്കാനാകാത്ത സ്ഥിതിവരുന്നു. ക്വാറി ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള മറ്റ് നിർമാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ കച്ചവടവും ഇടിഞ്ഞു. ലോറി, ചുമട് അടക്കമുള്ള തൊഴിലാളികൾക്കും തിരിച്ചടിയായി.










0 comments