രാമചന്ദ്രന്റെ കളർ ലൈഫ്

അഖില്‍ സദാശിവന്‍
Published on Apr 02, 2026, 01:42 AM | 1 min read
കൊല്ലം
പരിമിതികള്‍ക്ക് നടുവിലായിരുന്നു പള്ളിത്തോട്ടം ഗാന്ധിനഗർ അനിൽ ഭവനത്തിൽ രാമചന്ദ്രനും കുടുംബവും. ഷീറ്റിട്ട വീട്ടില്‍ കഴിഞ്ഞ കുടുംബത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതലിന്റെ തണലൊരുക്കുകയായിരുന്നു. ആകെയുള്ള ഒന്നേകാൽ സെന്റിൽ ഒറ്റ മുറിയുള്ള ഷീറ്റിട്ട വീട്ടിലാണ് രാമചന്ദ്രനും ഭാര്യയും മകനും മരുമകളും താമസിച്ചിരുന്നത്. നല്ലൊരു വീട് വയ്ക്കണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും രാമചന്ദ്രന് അത് വിദൂരസ്വപ്നമായിരുന്നു. ഭാര്യ ശ്രീകുമാരി 10വർഷത്തിലധികമായി വൃക്കരോഗം ബാധിച്ച് ഒന്പതുവർഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദിവസവേതനക്കാരനായ മകൻ അനിലും രാമചന്ദ്രനും ജോലിക്ക് പോകുന്നതായിരുന്നു കുടുംബത്തിന്റെ ആശ്രയം. ചികിത്സച്ചെലവുകൾക്കും വീട്ടുചെലവുകൾക്കും ഇടയിൽ വീട് പുതുക്കിപ്പണിയുക എന്നത് സ്വപ്നമായി നിൽക്കുമ്പോഴാണ് 2016ലെ എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. സ്വന്തമായി സ്ഥലമുള്ളതിനാൽ 2017ൽ അപേക്ഷ നൽകി. 2018ൽ അംഗീകാരം ലഭിച്ച് 2019ൽ നിര്‍മാണം പൂർത്തിയായി വീട്ടിൽ താമസം തുടങ്ങി. ഓരോഘട്ടത്തിലും തുക കൃത്യമായി ലഭിച്ചതിനാൽ പണി വേഗത്തിൽ നടന്നെന്നു കുടുംബം പറഞ്ഞു. ഒന്നേകാൽ സെന്റ് മാത്രം ഉള്ളതിനാൽ കോർപറേഷൻ അധികൃതർ നിർദേശിച്ചപ്രകാരം രണ്ടുനിലയായിട്ടാണ് വീട് പണിതത്. ശ്രീകുമാരിക്ക് ചികിത്സയ്ക്ക് ആവശ്യമായ ട്യൂബ് ഉൾപ്പെടെ ഉള്ളവ നൽകുന്നത് സർക്കാരിന്റെ പാലിയേറ്റീവ് സംവിധാനം വഴിയാണ്. ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരാണ് നാട് ഭരിക്കുന്നതെന്നും ജനക്ഷേമകാര്യങ്ങൾ ചെയ്യുന്ന ഇടതുസർക്കാർ തന്നെ തുടരണമെന്നും രാമചന്ദ്രനും കുടുംബവും പറയുന്നു.










0 comments