കളർഫുൾ ടെറകോട്ട

അഖില്‍ സദാശിവന്‍
Published on May 28, 2026, 12:39 AM | 1 min read
കൊല്ലം
നാടൻപാട്ടിന്റെ ഈണത്തിൽ ഗായകരായ ശരൺ കൈലാസും ഡോണും ഗാനങ്ങൾ ആലപിച്ചപ്പോൾ നാടൻ പാട്ടിന്റെ താളത്തിനൊത്ത് മണ്ണിന്റെ മണമുള്ള ശിൽപ്പങ്ങളൊരുക്കി ഒരു കൂട്ടം കലാകാരന്മാർ. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആശ്രാമം 8 പോയിന്റ് ആർട്ട് കഫേയിലാണ് പുതുതലമുറയ്ക്കായി സംഗീതവും ശിൽപ്പ നിർമാണവുമായി ഓറ (എയുആർഎ) -ടെറകോട്ട ക്യാമ്പ് നടത്തിയത്. മാറുന്നകാലത്തിൽ ഡിജിറ്റൽ ലോകത്ത് അഭിരമിക്കുന്ന പുതുതലമുറയ്ക്ക് മണ്ണിന്റെ മണവും സ്പർശവും സംഗീതത്തിന്റെ അകമ്പടിയോടെ നിർമിക്കുന്ന ശിൽപ്പങ്ങളിലൂടെ പടരുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മനുഷ്യന്റെ ഓർമകളും അനുഭവങ്ങളും സംഗീതത്തിന്റെ അകമ്പടിയിൽ സൃഷ്ടിക്കുന്നതാണ് ടെറകോട്ട ക്യാമ്പ്. നോവ ആർട്ട് ഗ്രൂപ്പാണ് ക്യാമ്പ് നടത്തിയത്. ആർട്ടിസ്റ്റിക് ഡയറക്ടറായ മനീഷ് ഭാസ്‌കർ ക്യുറേറ്ററായിരന്നു. പ്രശസ്‌ത കലാകാരൻ ഷെൻലെ നേതൃത്വം നൽകി. യുവശിൽപ്പികളായ അഭിജിത്ത് കൃഷ്ണ, അജി എസ് ധരൻ, ബാല, ഈശ്വർ, ജയപ്രകാശ്, പ്രവീൺ എന്നിവർ പങ്കാളിയായി. ലൈവ് സ്കൾപ്റ്റിങ്, ക്ലേ ഫയറിങ്, ആർട്ടിസ്റ്റ് ടോക്, ഓപ്പൺ സ്റ്റുഡിയോ, ഇന്ററാക്ടീവ് സെഷൻ എന്നിവ ക്യാമ്പിൽ ഉണ്ടായിരുന്നു. ഒന്പതു വയസ്സുള്ള ഇതളിനും 12വയസുള്ള ആമ്പലിനും ടെറക്കോട്ടെ ശിൽപ്പ നിർമാണം പുതിയ അനുഭവമായി. ശിൽപ്പങ്ങളുടെ പ്രദർശനം അടുത്ത ആഴ്ച സംഘടിപ്പിക്കുമെന്ന സംഘടകർ അറിയിച്ചു. പ്രകൃതിദത്ത കളിമണ്ണ് കുഴച്ച് രൂപം നൽകി ഉണക്കി ഉയർന്ന താപനിലയിൽ ചുട്ടെടുക്കുന്ന രീതിയാണിത്. 'ടെറകോട്ട' എന്ന വാക്കിന്റെ അർഥം ‘ ചുട്ടെടുത്ത മണ്ണ്' എന്നാണ്.










0 comments