ad
Deshabhimani

ക്യാപ്റ്റന് കാതോര്‍ത്ത്

ചവറ ഇടപ്പള്ളിക്കോട്ടയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
avatar
ജയൻ ഇടയ്ക്കാട്

Published on Mar 31, 2026, 01:21 AM | 2 min read

കൊല്ലം

വിശ്വാസ്യത ഭരണതലത്തിലും നിലപാടിലും കൃത്യമായി കാട്ടിക്കൊടുക്കുന്ന നേതാവിന്റെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു കഴിഞ്ഞ പകലിലെ കൊല്ലം. തീരദേശം മുതൽ മലയോരം വരെ നീണ്ട നമ്പർ വൺ യാത്ര. കത്തുന്ന വെയിലിലും വികസന വീഥികളിൽ കാത്തുനിന്ന് ജനസഞ്ചയം ഹൃദയാഭിവാദ്യമേകി. ആയിരങ്ങൾ ഒഴുകിയെത്തിയ പൊതുയോഗങ്ങളിൽ നുണക്കോട്ടകൾക്കെതിരെ ചാട്ടുളിയായ രാഷ്ട്രീയ വിശദീകരണങ്ങൾക്ക് നിലയ്ക്കാത്ത ഹർഷാരവം. തെരഞ്ഞെടുപ്പുചൂടിൽ തിളച്ചുമറിയുന്ന കൊല്ലത്തെ ചുവപ്പിച്ച് കേരളത്തിന്റെ ‘ക്യാപ്റ്റൻ' കളത്തിൽ ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനം അക്ഷരാർഥത്തിൽ ജനകീയ ഉത്സവങ്ങളായി മാറി. രാവിലെ പത്തിന് കൊല്ലം ബീച്ച് ഓർക്കിഡിലെ വാർത്താസമ്മേളനമായിരുന്നു ആദ്യം. സമയക്രമം പാലിച്ച് നടത്തിയ വാർത്താസമ്മേളനം വികസനവും രാഷ്ട്രീയവും ഇടകലർത്തി നടത്തിയ ചോദ്യോത്തരങ്ങളോടെ അവസാനിപ്പിച്ചു. തുടർന്ന് ചവറ ഇടപ്പള്ളിക്കോട്ടയിൽ ദേശീയപാതയോരത്ത് തുടങ്ങിയ ആവേശം അഞ്ചാലുംമൂട്ടിലും കൊട്ടാരക്കരയിലും ഒടുവിൽ കടയ്ക്കലും എത്തുമ്പോൾ ഇരട്ടിയായി. സുജിത് വിജയൻപിള്ളയുടെ മഹിമയും ആത്മാർഥതയും എസ് ജയമോഹന്റെ പ്രവർത്തനമികവും സംഘാടന മാതൃകയും കെ എൻ ബാലഗോപാലിന്റെ നവകേരള കാഴ്ചപ്പാടും കർമശേഷിയും ജെ ചിഞ്ചുറാണിയുടെ ജനവിശ്വാസ്യതയും മികച്ച പ്രവർത്തനവും എടുത്തുപറഞ്ഞായിരുന്നു വോട്ട്‌ അഭ്യർഥന. ഓരോ വേദിയിലും മുഖ്യമന്ത്രി സ്ഥാനാർഥികളുടെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുമ്പോൾ ആയിരങ്ങളുടെ കണ്‌ഠങ്ങളിൽനിന്ന്‌ വിജയാരവം. ഭരണത്തുടർച്ചയുടെ കരുത്തിൽ മൂന്നാം അങ്കത്തിന് ഇറങ്ങുന്ന എൽഡിഎഫിന് കൊല്ലം നൽകുന്ന പിന്തുണ രാഷ്ട്രീയകേരളത്തിന് വ്യക്തമായ സൂചന നൽകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരസ്യ സംവാദ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചത് തിങ്കളാഴ്ചയിലെ പ്രധാന രാഷ്ട്രീയ ചർച്ചയായി. വികസനനേട്ടങ്ങൾ അക്കമിട്ടുനിരത്തി, ഭരണവിരുദ്ധ വികാരമെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജനമധ്യത്തിൽ തന്നെ മുഖ്യമന്ത്രി പ്രതിരോധിച്ചു. നിർണായകമായ ഒരു പ്രശ്നത്തിലും ജനപക്ഷ നിലപാട് സ്വീകരിക്കാതെ വഞ്ചിക്കുന്ന കോൺഗ്രസിനെ അകറ്റിനിർത്തണം. ഇന്ത്യയുടെ ഭരണം നിയന്ത്രിച്ച് കേരളത്തെ തകർക്കുകയാണ് ബിജെപി. വീമ്പിളക്കുന്ന ഗ്യാരന്റികൾക്കപ്പുറമാണ് പ്രയോഗികത. ഇത് കേരളത്തിൽ തുടരെ തെളിയിക്കുന്നത് എൽഡിഎഫ് അല്ലാതെ മറ്റാരുമല്ല. ഏറെ ആവേശത്തോടെയും താൽപ്പര്യത്തോടെയും ജനങ്ങൾ ആ വാക്കുകൾ ശ്രവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം മുഖ്യമന്ത്രിയുടെ പ്രസംഗവേദികളിൽ പ്രകടമാണ്. ക്ഷേമ പെൻഷനുകളും അടിസ്ഥാനസൗകര്യ വികസനവും ഉയർത്തിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. ഇടതുപക്ഷത്തിന്റെ അമരക്കാരൻ എന്ന നിലയിലും 2016 മുതൽ മുഖ്യമന്ത്രി എന്ന നിലയിലും ജനങ്ങളുടെ മുന്നിൽ സൂര്യവെളിച്ചം പോലെ തെളിമയോടെ തിളങ്ങുകയാണ് ആ രാഷ്ട്രീയം. മുഖ്യമന്ത്രിക്കൊപ്പം നാല്‌ പൊതുയോഗങ്ങളിലും സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home