തടിയെത്തി; പള്ളിക്കൽ ചുണ്ടൻ നിർമാണം ഉടൻ തുടങ്ങും

സ്വന്തം ലേഖകന്‍
Published on Jun 03, 2026, 12:25 AM | 1 min read
കരുനാഗപ്പള്ളി
ഓണാട്ടുകരയിലെ വള്ളംകളി പ്രേമികളുടെ ആഗ്രഹം സഫലമാകുന്നു. ജില്ലയില്‍ നിര്‍മിക്കുന്ന പള്ളിക്കൽ ചുണ്ടന് ആവശ്യമായ ആഞ്ഞിലിമരം ആഘോഷപൂർവം പാലായിൽനിന്ന് കരുനാഗപ്പള്ളിയിൽ എത്തിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ വിവിധ വാദ്യമേളങ്ങൾ മുത്തുക്കുട, കൈകൊട്ടി കളി എന്നിവയുടെ അകമ്പടിയോടെയാണ് തടി ഘോഷയാത്രയെ സ്വീകരിച്ചത്. പ്രസിൻഡന്‍ഷ്യൽ ട്രോഫി, കല്ലട ജലോത്സവം, കന്നേറ്റി വള്ളംകളി എന്നിവ ഉൾപ്പെടെ പ്രസിദ്ധമായ വള്ളംകളി നടക്കുന്ന ജില്ലയിൽ ആദ്യമായാണ് ചുണ്ടൻവള്ളം നിർമിക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള ആഞ്ഞിലിത്തടിയാണ് വള്ളം നിർമാണത്തിനു വേണ്ടത്. മലയോര മേഖലയിൽനിന്ന് 150 ഇഞ്ച് വണ്ണവും 50അടിയിലേറെ ഉയരവുമുള്ള തടിയാണ് എത്തിച്ചത്. നിരവധി ചുണ്ടൻ വള്ളങ്ങൾ നിർമിച്ച എടത്വ സാബു നാരായണൻആശാരിയുടെ നേതൃത്വത്തിലാണ് നിർമാണം. 130 അടി നീളമുള്ള ചുണ്ടൻ വള്ളത്തിൽ 110 തുഴക്കാർക്ക് ഇരുന്നു തുഴയാം. 1100 കുമിക്കടി തടിയാണ് നിർമാണത്തിനു വേണ്ടി വരിക. വള്ളത്തിന്റെ അച്ചുനിർമാണത്തിനായി 250 കുമിക്കടി മാവിൻ തടിയാണ് ഉപയോഗിക്കുക. ഒരു കോടിയിലധികം രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 2027ലെ നെഹ്‌റു ട്രോഫിക്ക് മുമ്പായി നീറ്റിലിറക്കാനാണ് ലക്ഷ്യം. ഘോഷയാത്രയെ സി ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വാർഡ് കൗൺസിലർ രാധാമണി, പള്ളിക്കൽ ചുണ്ടൻവള്ള സമിതിയുടെ രക്ഷാധികാരി എവർ മാക്‌സ് ബഷീർ, പ്രസിഡന്റ് മുരളീധരൻ ചൈതന്യ, സെക്രട്ടറി നിസാർ മീനത്തേതിൽ, ട്രഷറർ സിബി ആലുംമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.










0 comments