Deshabhimani

ചിന്നക്കട– ഇടമൺ എൻഎച്ച് 744

തരംതാഴ്‌ത്തല്ലേ...ശ്വാസംമുട്ടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 30, 2026, 01:22 AM | 1 min read

കൊല്ലം

കൊല്ലം നഗരത്തെ കൊട്ടാരക്കര, പുനലൂർ, ഇടമൺ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ചിന്നക്കട– ഇടമൺ ദേശീയപാത 744-ന്റെ വീതി 10മീറ്ററായി പരിമിതപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം. പ്രധാന ഗതാഗത ഇടനാഴിയായ ചിന്നക്കട– ഇടമൺ ദേശീയപാതയെ തരംതാഴ്‌ത്താനും അവഗണിക്കാനുമുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉയർന്നു. പാതയെ ദേശീയപാതയായിത്തന്നെ നിലനിർത്തി നാലുവരിപ്പാതയായി വികസിപ്പിക്കണമെന്നാണ്‌ നാടിന്റെ ആവശ്യം. നിലവിലെ ഗതാഗതത്തിരക്കും ഭാവിയിലെ വികസന സാധ്യതകളും കണക്കിലെടുക്കാതെയുള്ള തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത വികസനത്തിന് തടസ്സമാകും. നിലവിൽ പ്രതിദിനം 40,000-ത്തിലധികം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഗതാഗതത്തിരക്ക് തുടർച്ചയായി വർധിക്കുന്ന സാഹചര്യം പരിഗണിക്കാതെ പാതയുടെ വികസന സാധ്യത പരിമിതപ്പെടുത്തുന്നത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിർദിഷ്ട കടമ്പാട്ടുകോണം– ആര്യങ്കാവ്‌ ഗ്രീൻഫീൽഡ് പാത ചിന്നക്കട– ഇടമൺ ദേശീയപാത 744-ന്‌ പകരമല്ല. കൊല്ലം നഗരത്തിൽനിന്ന്‌ നേരിട്ട്‌ ചെങ്കോട്ടയ്‌ക്കുള്ള സഞ്ചാരമാർഗമാണ്‌ ചിന്നക്കട– ഇടമൺ പാത. എക്കാലവും ഇ‍ൗ പാതയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. അതിനാൽ നിലവിലുള്ള ദേശീയപാത ഇടനാഴി സംരക്ഷിക്കണം. ചിന്നക്കട– ഇടമൺ ഭാഗം എൻഎച്ച് 744 ആയി തന്നെ നിലനിർത്തുകയും നാലുവരിപ്പാതയായി വികസിപ്പിക്കുകയുമാണ്‌ വേണ്ടത്‌. ഇതിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ സർവീസ് റോഡുകൾ, പ്രധാന ജങ്‌ഷനുകളുടെ നവീകരണം, ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, ഗ്രേഡ് സെപ്പറേറ്റഡ് സംവിധാനങ്ങൾ എന്നിവയും ഒരുക്കണം. പാതയുടെ സമഗ്ര വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. പാക്കേജിൽ ഭൂമി ഏറ്റെടുക്കൽ, നാലുവരിപ്പാത വികസനം, ജങ്‌ഷൻ നവീകരണം, ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home