ഓണാട്ടുകര നിറയെ പൂത്തുതളിർത്ത ചീരപ്പാടം

സുരേഷ് വെട്ടുകാട്ട്
Published on Apr 22, 2026, 01:17 AM | 1 min read
കരുനാഗപ്പള്ളി
ഓണാട്ടുകരയിലെ കർഷകർക്കിത് ചീരക്കൃഷിയുടെ കാലമാണ്. പോഷകസമ്പന്നമായ ഇലക്കറിയായ ചീരക്കൃഷിയിലൂടെ അതിജീവനപാത തുറക്കുകയാണ് ഓണാട്ടുകരയിലെ കർഷകർ. വേനൽക്കാലത്ത് ഓണാട്ടുകരയുടെ ഭാഗമായ തഴവ, കുലശേഖരപുരം, തൊടിയൂർ പ്രദേശങ്ങളിൽ കടുംചുവപ്പുനിറത്തിൽ നിരനിരയായി ചീര വിളഞ്ഞുനിൽക്കും. വീട്ടുമുറ്റങ്ങളിലും വയലിറമ്പുകളിലും പറമ്പുകളിലുമെല്ലാം ഏക്കറുകളോളം ചീരത്തോട്ടങ്ങളാണ്. ഓണാട്ടുകരയിലെ ചീരയെ പട്ടുചീരയെന്നാണു വിളിക്കുന്നത്. കട്ടിയും വീതിയുമുള്ള ഇലയും കടും ചുവപ്പുനിറവും പോഷകമൂല്യത്തിന്റെ അളവ് കൂടുതലും പ്രത്യേകതയാണ്. വേനലിൽ മാത്രമല്ല ജൂൺ, ജൂലൈ ഒഴികെ എല്ലാമാസവും കൃഷിചെയ്യാമെന്നതും അധ്വാനവും ശ്രദ്ധയും കുറച്ചു മതിയെന്നതുമാണ് കര്‍ഷകരെ ഇതിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല, കീടശല്യവും കുറവാണ്. വീട്ടമ്മമാരാണ് കൂടുതലും കൃഷിയില്‍ സജീവം. അരുൺ, കണ്ണാറ ലോക്കൽ ഇനങ്ങളിൽപ്പെട്ടവ വിത്തുപാകി 20 ദിവസത്തിനകം തൈ പറിച്ചുനടാം. രണ്ടുനേരം വെള്ളം തളിക്കലാണ് പ്രധാന പരിചരണം. ചാണകപ്പൊടിയും എല്ലുപൊടിയും പിണ്ണാക്കും ചാരവുമൊക്കെ വളമാണ്. വിത്തു പാകി 25 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. ആവശ്യമനുസരിച്ച് നേരിട്ടും മാർക്കറ്റുകളിലും വിൽക്കുന്നവരുണ്ട്. അഞ്ചുമുതൽ 10 മൂട് ചീര 30 മുതൽ 50 രൂപയ്ക്കുവരെയാണ് വിൽപ്പന. വീടിന് ചുറ്റുപാടുമുള്ള അര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിചെയ്യുന്നവരുണ്ട്. ഓണാട്ടുകരയുടെ തനത് വിഭവങ്ങളായ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയ ഇടവിളക്കൃഷിയും ഇതോടൊപ്പമുണ്ട്. തെങ്ങുകളോട് ഇടകലർത്തിയാണ് ചീരക്കൃഷി എന്നതിനാൽ വെള്ളം തളിക്കൽ നാളികേരം, ഇടവിള കൃഷികൾക്കും സഹായകരമാകും. വർഷത്തിൽ ഒരുലക്ഷം മുതൽ മൂന്നുലക്ഷം വരെ രൂപ വിറ്റുവരവുള്ള കർഷകരുണ്ട്. കാർഷിക സർവകലാശാല വികസിപ്പിച്ച കണ്ണാറ ലോക്കല്‍, അരുൺ, മോഹിനി, കൃഷ്ണശ്രീ, രേണുശ്രീ എന്നിവ. ഇതില്‍ ചുവന്ന ഇനമായ കണ്ണാറ ലോക്കല്‍, അരുൺ എന്നിവയോടാണ് ആളുകൾക്ക് പ്രിയം. എന്നാൽ, പച്ചച്ചീരയ്ക്കും പോഷകമൂല്യം കൂടുതലാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം. അന്നജവും പ്രോട്ടീനും ധാരാളമുള്ള ചീരകൃഷിക്ക് പ്രതിസന്ധി ഇലപ്പുള്ളി രോഗമാണ്. പ്രതിരോധശേഷി കൂടുതലുള്ള പച്ചച്ചീരയുമായി ഇടകലർത്തി നടലാണ് ഇതിനെ ചെറുക്കാൻ നല്ലതെന്ന് 25 വർഷമായി ചീരകർഷകനായ തഴവ തെക്കുംമുറി നമ്പാരയ്യത്ത് രാജു പറഞ്ഞു. ഇത്തവണ വേനൽ മഴ ലഭിക്കാത്തതും വേനൽ കടുത്തതും ജലസേചനത്തെ ബാധിച്ചിട്ടു. എന്നാൽ, ഇത്തവണയും മികച്ച വരുമാനം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഓണാട്ടുകരയിലെ കർഷകർ.










0 comments