ചരിത്രത്തിലേക്ക് അദ്വൈതിന്റെ കുതിപ്പ്

ഷെഹിന്‍ഷാ
Published on Dec 16, 2025, 01:21 AM | 1 min read
കൊല്ലം
സ്‌കേറ്റിങ്ങില്‍ അദ്വൈതിന് മെഡല്‍ ഒരു പുത്തരിയല്ല. ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ നാലാമതും മെഡല്‍ നേടി കുതിച്ചുപായുകയാണ് ഈ പതിനാറുകാരനായ ആർ എസ് അദ്വൈത് രാജ്. കഴിഞ്ഞവര്‍ഷത്തെ വെള്ളിക്ക് പകരം ഇത്തവണ സ്വര്‍ണം. 11നും 12നും വിശാഖപട്ടണത്ത് നടന്ന 63 –ാം ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലെ റോളർ സ്‌കൂട്ടർ വിഭാഗത്തിലാണ് നേട്ടം. 2022 മുതല്‍ തുടങ്ങിയതാണ് മെഡല്‍ വേട്ട. 2022ലും 23ലും വെങ്കലം സ്വന്തമാക്കി. ജില്ലാ മത്സരങ്ങളില്‍ എതിരാളികളില്ലാത്ത വിധമാണ് അദ്വൈതിന്റെ തേരോട്ടം. 2022മുതല്‍ തുടര്‍ച്ചയായി നാലുതവണ ജില്ലാ മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. സംസ്ഥാന തലത്തിലും അദ്വൈതിന്റെ നേട്ടം അവിസ്മരണീയമായിരുന്നു. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും. 2022, 2023, 2025 വര്‍ഷങ്ങളില്‍ സ്വര്‍ണം നേടിയപ്പോള്‍ 2024ല്‍ വെള്ളി സ്വന്തമാക്കി. ഉളിയക്കോവില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഏഴാം ക്ലാസ് മുതലാണ് സ്കേറ്റിങ്ങിലേക്ക് തിരിയുന്നത്. 2020മുതല്‍ പി ആര്‍ ബാലഗോപാലിന്റെ കൊല്ലം റോളര്‍ സ്കേറ്റിങ് ക്ലബ്ബില്‍ ആനന്ദ് തമ്പിയുടെ കീഴിലാണ് പരിശീലനം. കഴിഞ്ഞ നാലുവര്‍ഷങ്ങളിലും തുടര്‍ച്ചയായി ദേശീയ റോളര്‍ സ്കൂട്ടര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലത്തിന്റെ ഓരേയൊരു മെഡല്‍ ജേതാവാണ് അദ്വൈത്. അച്ഛന്‍ പാല്‍ക്കുളങ്ങര അമ്പലത്തിന് സമീപം കെ ആര്‍ നഗര്‍ 3എ അനിഴത്തി രാജേഷ് ബാബു യൂണിയന്‍ ബാങ്കില്‍ ചീഫ് മാനേജരാണ്. അമ്മ ശ്രീബിന്ദു അധ്യാപികയാണ്. സഹോദരന്‍: ആദിത്യരാജ്.










0 comments