ട്രോളിങ് നിരോധനം 31ന് അവസാനിക്കും
ബോട്ടുകൾ വീണ്ടും കടലിലേക്ക്

സ്വന്തം ലേഖകൻ
Published on Jul 28, 2025, 01:28 AM | 1 min read
കൊല്ലം അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം 31ന് ബോട്ടുകൾ മീന്‍പിടിത്തത്തിന് വീണ്ടും കടലിലേക്ക്. ജൂൺ ഒമ്പതിന് അർധരാത്രി ആരംഭിച്ച യന്ത്രവല്‍കൃത ബോട്ട് ഉപയോഗിച്ചുള്ള മീന്‍പിടിത്ത നിരോധനം 31ന് അർധരാത്രി അവസാനിക്കും. അന്നുതന്നെ ബോട്ടുകൾ കടലിലേക്ക് പോകും. നിലവിൽ നീണ്ടകര പാലത്തിന് കിഴക്കുമാറി നങ്കൂരമിട്ടിരിക്കുകയാണ് ബോട്ടുകൾ. പാലത്തിന്റെ സ്‌പാനുകൾ ചങ്ങലയിട്ട് ബന്ധിപ്പിച്ചാണ് നിരോധനം. 31ന് അർധരാത്രി ചങ്ങല അഴിക്കും. അതിനിടെ കടലിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും. ഇതിനാവശ്യമായ മുൻകരുതൽ നടപടി ഫിഷറീസ് വകുപ്പും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി ഉടൻ വിളിച്ചുചേർക്കും. കൂടാതെ 29നും 30നും തീരപ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ബോട്ടുകൾ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വള്ളങ്ങൾ മീൻപിടിക്കുന്ന ഏരിയകളിൽ കയറി ബോട്ടുകളില്‍ മീന്‍ പിടിക്കുന്നതും ശിക്ഷാർഹമാണെന്നുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്. അതിനിടെ നീണ്ടകര പാലം പണി നടക്കുന്നതിനാൽ ബോട്ടുകളെ കടലിലേക്ക് കടത്തിവിടുന്നതിന് പാലത്തിന്റെ രണ്ട് സ്‌പാനുകൾ മാത്രമേ തുറക്കുകയുള്ളൂവെന്നും ഇത് പ്രയാസം സൃഷ്‌ടിക്കുമെന്നും ബോട്ട് ഉടമകളും തൊഴിലാളികളും പറഞ്ഞു. അതിനാൽ 31ന് ഉച്ചയോടെ നീണ്ടകര പാലത്തിന് കിഴക്കുനിന്നും ബോട്ടുകളെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലേക്ക് മാറ്റാൻ അധികൃതർ അനുവദിക്കണമെന്നും ബോട്ട് ഉടമകൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം കലക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തിങ്കളാഴ്‌ച എഡിഎമ്മിനെ കാണുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ആർ രമേശ് ശശിധരൻ പറഞ്ഞു. എഡിഎമ്മിന്റെ അനുവാദം ലഭിച്ചാൽ ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച തന്നെ ഓൺലൈനായി ചേരും. യോഗത്തിൽ എഡിഎമ്മിനെ കൂടാതെ ഫിഷറീസ് എ ഡി, ഡിഡി, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ, ശക്തികുളങ്ങര ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.










0 comments