Deshabhimani

ഏഴ്‌ ബോട്ടിന് വൻ നാശനഷ്ടം

തമിഴ്നാട്ടിൽ മീൻപിടിത്തത്തിനിടെ വീണ്ടും ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2026, 01:55 AM | 1 min read

കൊല്ലം

ശക്തികുളങ്ങരയിൽ നിന്ന് മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബോട്ടിനുള്ളിൽ കയറിയ സംഘം ഏഴ്‌ ബോട്ടിന് വൻ നാശനഷ്ടം വരുത്തി. വലകളടക്കമുള്ള മീന്‍പിടിത്ത ഉപകരണങ്ങൾ കടലിലെറിഞ്ഞു. തമിഴ്നാട് തീരത്ത് മീൻപിടിത്തം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഒരു വർഷംമുന്പും ശക്തികുളങ്ങരയിൽ നിന്ന്‌ മീൻപിടിക്കാൻ പോയ ബോട്ടുകളെയും തൊഴിലാളികളെയും കുളച്ചൽ ഭാഗത്ത്‌ ഉൾക്കടലിൽ ആക്രമിച്ചിരുന്നു. അർഫി ഒന്ന്‌ ബോട്ടിൽ നിന്ന്‌ 14വലകളും രണ്ട്‌ സെറ്റ്‌ ഒ‍ൗട്ടർ ബോർഡ്‌, 3200മീറ്റർ വയർ റോപ്പ്‌, എക്കോസ‍ൗണ്ടർ, വയർലെസ്‌ സെറ്റുകൾ എന്നിവ കടലിലെറിഞ്ഞു. ബുധൻ രാത്രി ഇന്ത്യൻ മഹാസമുദ്രത്തിൽ മുട്ടത്തിനും കുളച്ചലിനും പടിഞ്ഞാറ്‌ 60നോട്ടിക്കൽ മൈൽ അകലെയുള്ള ഉൾക്കടലിലാണ്‌ സംഭവം. അർഫി രണ്ട്‌ ബോട്ടിൽ നിന്ന്‌ നാല്‌ വല, രണ്ട്‌ സെറ്റ്‌ ഒ‍ൗട്ടർബോർഡ്‌, വയർറോപ് എന്നിവയും പിഎംആർ ബോട്ടിൽ നിന്നും വിടിവള്ളി മാതാ ബോട്ടിൽ നിന്നും വയർ റോപ്പും കടലിലെറിഞ്ഞു. ബോട്ട്‌ ഇടിപ്പിച്ച്‌ തസ്ലീമ ബോട്ടിന്റെ വീൽഹ‍ൗസ്‌ തകർത്തു. ഇമ്മാനുവൽ, ഓഷ്യ വിന്റർ ബോട്ടുകളെയും ആക്രമിച്ചു. കോടികളുടെ നഷ്ടമാണുണ്ടായത്‌. സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ച തൊഴിലാളികളുടെ ഫോണുകൾ കടലിലെറിഞ്ഞു. ആഴക്കടൽ ചെമ്മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്ന 20 ബോട്ടുകളെ നിരവധി ബോട്ടുകളിലെത്തിയ സംഘമാണ്‌ ആക്രമിച്ചത്‌. സംഭവത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. ബോട്ടുകൾക്ക് 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. എല്ലാ ബോട്ടിൽനിന്നും രണ്ടുലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും നശിപ്പിച്ചു. നാലുദിവസമായി ഇവർ ഇവിടെ മീൻപിടിത്തത്തിൽ ഏർപ്പെട്ടുവരികയായിരുന്നു. സംഭവത്തിൽ നീണ്ടകര കോസ്റ്റൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ നവംബർ 12നായിരുന്നു സമാനരീതിയിലുള്ള ആക്രമണം ഉണ്ടായത്‌. ഇ‍ൗ സംഭവം നടന്ന്‌ ഒരു വർഷത്തോളം എത്തിയ വ്യാഴാഴ്‌ചയാണ്‌ തെളിവെടുക്കാൻ ചെന്നൈ തീരദേശ പൊലീസ്‌ ശക്തികുളങ്ങരയിൽ എത്തിയത്‌. ഇത്തരം സംഭവങ്ങളിൽ അടിയന്തര നടപടി ഉണ്ടാകാത്തതാണ്‌ ഇത്‌ ആവർത്തിക്കാൻ കാരണമെന്ന്‌ മത്സ്യത്തൊഴിലാളികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home