ആഭിചാരക്രിയയുടെ മറവിൽ പീഡനം
ബിജെപി ജില്ലാ കമ്മിറ്റി അംഗം പോക്സോ കേസിൽ അറസ്റ്റിൽ

ടി രഞ്ജു
ശൂരനാട്
ആഭിചാരത്തിന്റെ മറവിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പോക്സോ കേസിൽ പിടിയിലായി. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിഅംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായ പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) ടി രഞ്ജു(52) ആണ് പിടിയിലായത്. നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിൽ പത്തിന് പുലർച്ചെയാണ് സംഭവം. പോരുവഴിയിലെ പഞ്ചായത്തിലെ വനിതാ ബിജെപി അംഗമാണ് ഇയാളെ ആഭിചാരത്തിനായി ഏർപ്പാടാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോരുവഴി നിവാസികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിലാണ് ഇവരുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മയും സഹോദരനും അടക്കം അടൂരിലെ ഇവരുടെ വീട്ടിലേക്ക് പോയി. തുടർന്ന് കുടുംബപ്രശ്നത്തിന് കാരണം കുട്ടിയുടെ ദേഹത്തുള്ള ബാധയാണെന്ന് പ്രതി വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇതിന് പരിഹാരമായി ചില പൂജകൾ നടത്തണമെന്നും പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുടുബാംഗങ്ങളുടെ മുന്നിൽ വച്ച് ഒരു പൂജ നടത്തി. തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്നോടെ പെൺകുട്ടിയെ പൂജയ്‌ക്കെന്ന പേരിൽ ഒറ്റയ്ക്ക് മുറിയിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കൾ കുടുംബത്തെ സമീപിച്ചിട്ടുണ്ട്. നാട്ടിൽ സജീവ ബിജെപി പ്രവർത്തകനും പാചകത്തൊഴിലാളിയുമായിരുന്ന ഇയാൾ ബിജെപി സംഘടന വഴിയുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ദൂരസ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ ബാധ ഒഴിപ്പിക്കൽ അടക്കം വിവിധ ആഭിചാര ക്രിയകൾ നടത്തിയിരുന്നതയാണ് വിവരം. പോക്സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments